മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും ബിഷപ്പിന് കിന്നരം വായിക്കും; അഡ്വ ജയശങ്കര്‍

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ നിലപാട് വ്യക്തമാക്കാത്ത ഗവണ്‍മെന്റിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും പരസ്യമായി വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍. ‘ഹൈക്കോടതി ജങ്ഷനില്‍ ഒന്നു രണ്ടു കന്യാസ്ത്രീകള്‍ സത്യാഗ്രഹം ഇരുന്നാലോ കെമാല്‍ പാഷയും പിടി തോമസും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലോ തിരുസഭ കുലുങ്ങില്ല. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും അവനു കിന്നരം വായിക്കും, അന്വേഷണ ഉദ്യോഗസ്ഥര്‍ ചാമരം വീശും’ ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അല്പം വൈകിയെങ്കിലും കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) നിലപാട് വ്യക്തമാക്കി.

കന്യാസ്ത്രീ സമരം അനാവശ്യമാണ്, സഭാ വിരുദ്ധമാണ്, കടുത്ത അച്ചടക്ക ലംഘനവുമാണ്. സമരത്തിൽ പങ്കെടുക്കുന്നവരും അനുഭാവം പ്രകടിപ്പിക്കുന്നവരും ഫലത്തിൽ ദൈവദൂഷണമാണ് ചെയ്യുന്നത്.

വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല. അത് ദൈവാനുഗ്രഹമായി സ്വീകരിക്കാതെ പീഡനമായി ദുർവ്യാഖ്യാനം ചെയ്യുന്നത് വലിയ പളളിക്കുറ്റമാണ്.

ബെനഡിക്ട് ഓണംകുളത്തിൻ്റെയും റോബിൻ വടക്കുംചേരിയുടെയും വീരപാരമ്പര്യമാണ് സീറോ മലബാർ സഭയ്ക്കുളളത്. ഹൈക്കോടതി ജങ്ഷനിൽ ഒന്നു രണ്ടു കന്യാസ്ത്രീകൾ സത്യഗ്രഹം ഇരുന്നാലോ കെമാൽ പാഷയും പിടി തോമസും ഐക്യദാർഢ്യം പ്രഖ്യാപിച്ചാലോ തിരുസഭ കുലുങ്ങില്ല.

അബ്രഹാമിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിന്റെയും ദൈവമായ യഹോവ ഫ്രാങ്കോ പിതാവിനെ മഹത്വപ്പെടുത്തും. മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും അവനു കിന്നരം വായിക്കും, അന്വേഷണ ഉദ്യോഗസ്ഥർ ചാമരം വീശും.

നിർദോഷിയായ സഭാ പിതാവിനെതിരെ ദുരാരോപണം ഉന്നയിച്ച കന്യാസ്ത്രീ വേഷധാരികളോ, ഗന്ധകത്തീയാളുന്ന നിത്യ നരകത്തിൽ നിപതിക്കും.

Top