ഉപതെരഞ്ഞെടുപ്പ്; അരൂരില്‍ അഡ്വ. മനു സി പുള്ളിക്കല്‍ ഇടതു സ്ഥാനാര്‍ത്ഥി

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അരൂരില്‍ യുവനേതാവ് അഡ്വ. മനു സി പുള്ളിക്കല്‍ ഇടതു സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ് മനു സി പുള്ളിക്കല്‍.

ഉച്ചയ്ക്ക് ആലപ്പുഴയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വെച്ചാണ് മനുവിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട സെക്രട്ടേറിയേറ്റ് ചര്‍ച്ചയില്‍ സംസ്ഥാന നേതൃത്വമാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയായ മനുവിന്റെ പേര് നിര്‍ദേശിച്ചത്.

പല പേരുകളും സ്ഥാനാര്‍ത്ഥിത്വത്തിനായി ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നെങ്കിലും എല്ലാ ഘടകങ്ങളും പരിഗണിച്ച ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഒടുവില്‍ മനുവിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രാരാംഭഘട്ടം മുതല്‍ മനുവിനെ പിന്തുണച്ചിരുന്നു.

Top