മാധ്യമ പ്രവര്‍ത്തകന്റെ പരാമര്‍ശം ഗൗരവമുള്ളത്, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സതീദേവി

തിരുവനന്തപുരം: മാധ്യമ ചര്‍ച്ചകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം കൂടി വരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. വാര്‍ത്ത ചാനലുകളിലെ ചര്‍ച്ചകളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശ രീതികള്‍ തുടരുന്നത് നിര്‍ത്തണമെന്ന് പി സതീദേവി ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ മാധ്യമങ്ങളുമായി ചര്‍ച്ച നടത്തി മാര്‍ഗരേഖ ഉണ്ടാക്കുന്ന കാര്യം ആലോചിക്കും. സ്ത്രീസംരക്ഷണത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതായും പി സതീദേവി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിലെ ‘ന്യൂസ് അവര്‍’ ചര്‍ച്ചയ്ക്കിടെ ഉണ്ടായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടപടിയെടുക്കുമെന്ന് പി സതീദേവി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകന്റെ പരാമര്‍ശം ഏറെ ഗൗരവമുള്ളതാണ്. സ്ത്രീകളുടെ അന്തസ്സിന് പോറല്‍ ഏല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ല. അഡ്വ .മനീഷ രാധാകൃഷ്ണന്റെ പരാതി നാളെ നേരിട്ട് കേള്‍ക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പി സതീദേവി പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നത് കൂടുതല്‍ ശിക്ഷ അര്‍ഹിക്കുന്നതാണെന്നും പി. സതീദേവി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍ അവതാരകനായെത്തിയ ചര്‍ച്ചയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവിന്റെ ഭാഗത്തുനിന്നാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ഇതിനെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

Top