ദ്വീപില്‍ ജീവിക്കാനായത് ഇന്നും ഭാഗ്യമായി കരുതുന്നു; അഭിഭാഷകയുടെ ലക്ഷദ്വീപ് അനുഭവം വൈറല്‍

ക്ഷദ്വീപുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നതിനിടയില്‍ വേറിട്ട ഒരനുഭവം പങ്കുവെച്ച് അഭിഭാഷക രുക്‌സാന സിറാസ്. ഒരു വര്‍ഷകാലം ദ്വീപില്‍ ജീവിക്കാനായത് ഭാഗ്യമാണെന്ന് കുറിച്ചു കൊണ്ടാണ് രുക്‌സാന തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

രുക്‌സാനയുടെ ഫേസ്ബുക്ക് കുറിപ്പ്:

ലക്ഷദ്വീപിലെ പ്രധിഷേധം എങ്ങും ശക്തിയാര്‍ജിക്കുകയാണ്. സ്വര്‍ഗ്ഗതുല്യമായ ഈ നാട്ടില്‍ നിന്നാണ് എകദേശം രണ്ടു വര്‍ഷ കാലം അന്നത്തിനുള്ള വക കിട്ടിയിട്ടുള്ളത്. എകദേശം ഒരു വര്‍ഷ കാലം അവിടെ ജീവിക്കാനായത് ഇന്നും ഒരു ഭാഗ്യമായി കരുതുന്നു. അതുകൊണ്ടു തന്നെ അവിടത്തെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ എറ്റവും ഉചിതമായ സന്ദര്‍ഭം ഇത് തന്നെയാണ്.

എകദേശം നാലു വര്ഷം മുന്പാണ് എന്റെ ഭര്‍ത്താവ് സിറാസ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനില്‍ ലീഗല്‍ അഡൈ്വസര്‍ പോസ്റ്റില്‍ നിയമിതനാവുന്നത്. ലക്ഷദ്വീപ് ന്റെ തലസ്ഥാനമായ കവരത്തി യില്‍ ആയിരുന്നു പോസ്റ്റിങ്ങ്. എന്നെ സംബന്ധിച്ചു അധികം കേട്ടുകേള്‍വി ഇല്ലാത്ത ഇതു വരെ ചിന്തയില്‍ പോലും വരാത്ത ഒരു സ്ഥലത്താണ് ജോലി എന്ന് അറിഞ്ഞപ്പോള്‍ ആവേശവും ആശങ്കയും ഒരുമിച്ചാണ് വന്നത്. അങ്ങനെ ഒരു റംസാന്‍ മാസത്തിനു രണ്ടു ദിവസം മുന്‍പ് സിറാസ് കൊച്ചിയില്‍ നിന്നും കപ്പല്‍ കയറി. പതിനാറു മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ലക്ഷദ്വീപില്‍ എത്തിയെന്നു ഫോണില്‍ വിളിച്ചു അറിയിച്ചു. കപ്പലിന്റെ ക്യാബിനില്‍ ഒരുമിച്ചിണ്ടായിരുന്ന ഹംസത് ഇക്കയും റഊഫും ദ്വീപിനെ നല്ല പോലെ പരിചയപ്പെടുത്തി കൊടുത്തു എന്നും ലഗേജ് കൊണ്ട് പോവാനും താമസം ശെരി ആക്കി തന്നതും അവരാണെന്നും പറഞ്ഞു. പിന്നീട് ഹംസത് ഇക്ക വീട്ടിലേക് ക്ഷണിക്കുകയും റംസാനിലെ 30 ദിവസവും സിറാസിനെ നോമ്പ് തുറക്കുവാന്‍ നിര്ബന്ധിച്ചു വീട്ടിലേക് കൂട്ടികൊണ്ടു പോയ കാര്യവും സിറാസ് പറഞ്ഞു.

ലക്ഷദ്വീപിന്റെ പ്രകൃതി ഭംഗിയും ആതിഥേയരുടെ സല്‍ക്കാരവും സിറാസ് എപ്പോഴും പറഞ്ഞു കൊതിപ്പിക്കാറുണ്ട്. അങ്ങനെ അടുത്ത മാസം ഞാനും അങ്ങോട്ട് തിരിച്ചു. എന്റെ ആദ്യത്തെ കപ്പല്‍ യാത്ര ആയിരുന്നു അത്. പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത excitement ആയിരുന്നു എനിക്ക്. കൊച്ചിന്‍ പോര്‍ട്ടും ഫോര്‍ട്ട് കൊച്ചി ബീച്ചും കടന്നു കവരത്തി കപ്പല്‍ പുറം കടലിലേക്കു പ്രവേശിച്ചു. തുടക്കത്തില്‍ പതുക്കെ ആയിരുന്നു കപ്പല്‍ നീങ്ങിയത്. ‘ഇത്ര സ്പീഡ് ഒള്ളോ ഇതിനു. ഇതിപ്പോ എപ്പോ എത്താനാ അവിടെ ?’ എന്റെ ചോദ്യം . ‘ കുറച്ചു കഴ്ഞ്ഞു നീ മാറ്റി പറയരുത്’ എന്ന് സിറാസിന്റ കമന്റ്. ശെരി ആയിരുന്നു. കൊച്ചി അഴിമുഖം വിട്ടു ആഴ കടലില്‍ എത്തിയപ്പോള്‍ കപ്പല്‍ വേറെ ഒരാളായിരിക്കുന്നു, കടലും. നമ്മള്‍ തീരത് ഇരുന്ന കാണുന്ന കടലല്ല ആഴ കടല്‍ എന്ന് അപ്പോഴാണ് മനസ്സിലായത്. കൊച്ചി അഴിമുഖത് കണ്ട ചെളി നിറം മാറി ഒറ്റ നോട്ടത്തില്‍ കറുപ് എന്ന് തോന്നുന്ന കരി നീല കടല്‍.

മഴ കാലം ആഴതിനാല്‍ കടല്‍ നല്ല റഫ് ആയിരുന്നു. കപ്പല്‍ ആണേല്‍ നല്ല വേഗതയും. ഓരോ തിരയില്‍ തട്ടുമ്പോഴും കപ്പല്‍ ഒരു കുഴിയിലേക്കെന്ന പോലെ കുതിച്ചു ചാടുകയാണ്. ഓരോ തവണ ഉയര്‍ന്നു പൊങ്ങുമ്പോഴും ഉള്ളില്‍ നിന്ന് ഓക്കാനം വരുന്നു. എത്ര ദൂരം യാത്ര ചെയ്താലും ഛര്‍ദികില്ല എന്ന എന്റെ അഹങ്കാരത്തിനു അതോടെ അവസാനം കണ്ടു. നേരത്തെ പറഞ്ഞ എന്റെ excitement അതോടെ ചോര്‍ന്നു പോയി. പിന്നെ വേച്ചു വേച്ചു ക്യാബിനില്‍ പോയി ഉറങ്ങി എങ്ങനെയോ നേരം വെളുപ്പിച്ചെടുത്തു. പുലര്‍ച്ചെ 6 മണി ആയപ്പോള്‍ പുറത്തെ ഡെക്കില്‍ വന്ന് നോക്കി. കരിനീല കടല്‍ ഒന്ന് ലൈറ്റ് ആയിരിക്കുന്നു. ശ്രദ്ധിച്ചു നോക്കിയാല്‍ അടിത്തട്ട് കാണാം. അതെ, ലക്ഷദ്വീപ് എത്താറായിരിക്കുന്നു. കപ്പല്‍ നങ്ങൂരം ഇട്ടു. ദൂരെ നിന്നും ഒരു ബോട്ട് തിരമാലയില്‍ ആടി ആടി വരുന്നിന്‍ഡ്. യാ അല്ലാഹ് …….. ഇത് അത് തന്നെ. അനാര്‍കലിയില്‍ കാണിക്കുന്നത് പോലെയുള്ള ബോട്ടിലേക് നടുക്കടലില്‍ നിന്നുള്ള ചാട്ടം. പക്ഷെ ഞാന്‍ ഈ കടമ്പ ഈസി ആയി കടന്നു. എങ്ങനെ എന്നല്ലേ? എന്നെ കപ്പലിലെ ജീവനക്കാര്‍ എടുത്ത് പൊക്കി ബോട്ടിലേക് എടുത്ത് വെച്ചു. സിറാസ് പരിചയ സമ്പന്നനെ പോലെ എടുത്ത് ചാടുന്നുണ്ടായിരുന്നു.

തിരിച്ചു ദ്വീപിലേക്കുള്ള ബോട്ടിലെ യാത്ര ആയിരുന്നു ഏറെ ഹൃദയം. കടലിന്റെ നീല നിറം തീരത്തടുക്കുന്തോറും ലൈറ്റായി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അടിത്തട്ട് മുഴുവന്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആയി കാണാം. പവിഴ പുറ്റും……. അധികം ആര്‍ക്കും ലഭിക്കാത്ത ആ കാഴ്ച ഞാന്‍ ആവോളം ആസ്വദിച്ചു. തൂവെള്ള പഞ്ചസാര മണല്‍. ഇടതൂര്‍ന്ന. തെങ്ങുകള്‍. മറ്റു മരങ്ങള്‍ താരതമ്യേനെ കുറവാണ്. കടല്‍ കരയില്‍ മാസ് (പുഴുങ്ങി ഉണക്കിയ ചൂര) ഉണക്കാന്‍ ഇട്ടിരിക്കുന്നു. വീതി കുറഞ്ഞ കോണ്‍ക്രീറ്റ് റോഡുകള്‍. ഒരു 30 വര്ഷം മുമ്പുള്ള കേരളത്തെ അനുസ്മരിപ്പിക്കും പോലുള്ള കാഴ്ചകള്‍. കുറച്ച ഉള്ളിലേക്കു പോകുന്തോറും ഇരുനില വാര്‍ക്ക വീടുകളും അത്യാവശ്യം കടകളും ഉണ്ട്. പൊതു ഇടങ്ങളിലെ ശുചിത്യം ആണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. മദ്യവും പട്ടിയും പാമ്പും ഇല്ലാത്ത ദ്വീബിന്റ പരിസരം എല്ലാം വളരെ വൃത്തിയായി കിടക്കുന്നു.

പിന്നീട് അങ്ങൊട് സല്കാരങ്ങളുടെ നാളുകളായിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളില്‍ സിറാസ് സമ്പാദിച്ച സൗഹൃദ വലയം വലുതായിരുന്നു. ഓരോരോ ദിവസം ക്രമീകരിച്ചു ഓരോരോ സ്‌നേഹിതന്മാരുടെയും പരിചയക്കാരുടെയും വീട്ടിലേക് ക്ഷണം വന്നുകൊണ്ടേ ഇരുന്നു. താജു, ഫിറോസ്, സഹീര്‍, ഫാറൂഖ് വിരുന്നൊരുക്കിയവരുടെ പട്ടിക ഇങ്ങനെ നീളുന്നു. സലീമിക്കയുടെ വീട്ടിലെ ചൂര ബിരിയാണിയും, നിഷാദിന്റെ വീട്ടിലെ പത്തിരിയും തേങ്ങാ അരച്ച ചൂര കറിയും, സോഷ്യല്‍ വര്‍ക്കര്‍ ആയ സുനിത മാടത്തിന്റ വീട്ടിലെ ഇട്ടു വെന്തതും എലാഞ്ചിയും മാസിന്റെ അച്ചാറും, ബിസ്മില്ലാഹ് ഖാനിന്റ വീട്ടിലെ നെയ്മീന്‍ പൊരിച്ചതും അങ്ങനെ എന്തെല്ലാം രുചി ബേധങ്ങള്‍. ഞങ്ങള്‍ ഒരിക്കല്‍ മറ്റൊരു ദ്വീപ് ആയ അഗതിയില്‍ പോയപ്പോള്‍ കാലാവസ്ഥ മോശം ആയതിനാല്‍ വെസ്സല്‍ സര്‍വീസ് എല്ലാം നിര്‍ത്തി വെച്ചു എന്നുള്ള സന്ദേശം വന്നപ്പോള്‍ ഞങ്ങളെ ഇങ്ങോട് വിളിച്ചു കവരതിയിലേക്കുള്ള ഹെലികോപ്റ്റര്‍ അറേഞ്ച് ചെയ്തു തന്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനായ ഹംസ കോയയെ ഒരിക്കലും മറക്കാന്‍ കഴിയില്ല.

ആദ്യത്തെ 3 മാസം സിറാസിന്റ സഹ പ്രവര്‍ത്തക തൃശൂര്‍ കാരി അഡ്വ.നിമിത ആയിരുന്നു എനിക്ക് കൂട്ടു. നിമിത്ക്കുള്ള പോലെത്തന്നെ ഒരു lady bird സൈക്കിള്‍ നിമിത എനിക്കും ഒപ്പിച്ചു തന്നു. പിന്നീടുള്ള കറക്കങ്ങള്‍ അതിലായിരുന്നു. അങ്ങനെ ഞങ്ങള്‍ 3 വക്കീലന്മാര്‍ സൈക്കിളില്‍ കവരത്തി explore ചെയ്തു തുടങ്ങി. NIOT (Water Purification Plant) ലെ ജീവനക്കാരനായിരുന്ന മുല്ലക്കോയയുടെ സഹായത്തോടെ അയലയും കിളിമീനും എരിയും ലൈവ് ആയി കടലില്‍ നിന്നും ചൂണ്ട ഇട്ടു പിടിച്ചു പൊരിച്ചു തിന്നു. പിടിച്ചു കൊണ്ട് വന്ന കിന്‍ഡ്ല്‍ മീന്‍ വഴിയില്‍ വെച്ച് തന്നെ വാങ്ങ്യ ഒരു മണിക്കൂറില്‍ ബിരിയാണി ഉണ്ടാക്കി തിന്നു. വൈകിട്ട് നാല് മണിക് സൈക്കിള്‍ ചവിട്ടി പഞ്ചായത്ത് ഡയറി ഫാമില്‍ പോയി പാല് വാങ്ങി ചായ ഉണ്ടാക്കി കുടിച്ചും എല്ലാ ശനി ആഴ്ചയും ലഭ്യത അറിയിക്കുന്നതിന് അനുസരിച്ചു ബീഫും മട്ടനും അറുക്കുന്നിടത് പോയി വാങ്ങി കറി വെച്ച് കഴിച്ചു. രാവിലെ എണീറ്റ കടലില്‍ നീന്തി കുളിച്ചു ആര്‍മാദിച്ചു. ബംഗാരം ഐലന്‍ഡില്‍ പോയ് ഒരു രാത്രി തുറന്ന ബീച്ചില്‍ കിടന്നുറങ്ങി. ഇന്ത്യയില്‍ മറ്റൊരിടത്തും ഒരു പെണ്ണിനും ഒരു രാത്രി മുഴുവന്‍ ബീച്ചില്‍ കിടന്നു നേരം വെളുപ്പിക്കാം എന്ന് എനിക്ക് തോന്നുന്നില്ല.

ഇതൊക്കെ ആണ് ഞങ്ങള്‍ അറിഞ്ഞ ലക്ഷദ്വീപ്. സായാനങ്ങളില്‍ സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന നാടു, ഏതു പാതി രാത്രിയും സ്ത്രീകള്‍ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന നാട്, മരുമക്കത്തായം ഇന്നും അനിന്റ്റ തനതു രീതിയില്‍ കാത്തു സംരക്ഷിച്ചു പോരുന്ന നാട്, അദിതി ദേവോ ഭവ എന്ന സംസ്‌കാരം നമ്മളെക്കാള്‍ നന്നായി പിന്‍പറ്റുന്ന നാട്, കുറ്റകൃത്യങ്ങള്‍ തീരെ കുറവുള്ള നാട്. എല്ലാത്തിനും ഉപരി ആയി എല്ലാവര്‍ക്കും എല്ലാവരെയും അറിയുന്ന നാട്.

മോദിയുടെ കോമരങ്ങള്‍ ദ്വീപില്‍ അഴിഞ്ഞാടുമ്പോള്‍ എന്നെന്നേക്കുമായി ഇല്ലാതെ ആവുന്നത് ഏറെ കാലപ്പഴക്കം ചെന്ന ജീവിത ചര്യകളും സ്വത്വങ്ങളും ആണ്. വിദ്യാഭാസം ഉള്ളവനും അത് കുറവുള്ളവനും എന്ന വ്യത്യാസം ഇല്ലാതെ ആണ് ഈ ചര്യകള്‍ എല്ലാം അവര്‍ പാലിച്ചു പോരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള അധികാര ദുര്‍വിനിയോഗത്തിന്റെ ഇരകളാണ് ദ്വീപ് നിവാസികള്‍. ക്രൈം റെക്കോര്‍ഡില്‍ എറ്റവും കുറഞ്ഞ നിരക്കുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവന്നതും ജനസംഖ്യയുടെ 99 % അധികം ജനങ്ങളും ബീഫ് ഭക്ഷിക്കുന്ന നാട്ടില്‍ ബീഫ് നിരോധനം കൊണ്ടുവരാന്‍ ശ്രമിക്കുന്നതും, മദ്യ നിരോധനം എടുത്ത് കളയുന്നതും ദ്വീപ് സമൂഹത്തിന്റ സ്വസ്ഥമായ ജീവിത രീതിക് കോട്ടം തട്ടും എന്നതില്‍ യാതൊരു സംശയവും ഇല്ല. ഈ അനീതിക്കെതിരെ കണ്ണടച്ചാല്‍ അധിരാകാരത്തിന്റെ ഈ ധാര്‍ഷ്ട്യം നാളെ നമുക് നേരെയും ചൂണ്ടാം. ജനാധിപത്യ വിശ്വാസികളെ ജാഗരൂഗരായിരിക്കുക.

 

Top