തിരുവനന്തപുരം: ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലായി അഡ്വ.ഗോപകുമാരൻ നായർ ഇന്ന് പ്രവർത്തനമാരംഭിക്കും. സുപ്രിംകോടതിയിലടക്കം പ്രാഗൽഭ്യം തെളിയിച്ച സീനിയർ അഭിഭാഷകനാണ് ഗോപകുമാരൻ നായർ. വി.സിമാരുടെ ഹർജികളിലടക്കം പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അഭിഭാഷകനെ രാജ് ഭവൻ നിയമിച്ചത്.
ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലിനെയും നിയമോപദേശകനെയും മാറ്റി പുതിയ ആളെ നിയമിക്കുവാനുള്ള നീക്കം രാജ് ഭവൻ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സുപ്രിംകോടതിയിലെയും ഒപ്പം ഹൈക്കോടതിയിലെയും സീനിയർ അഭിഭാഷകനായ അഡ്വ. ഗോപകുമാരൻ നായരെ നിയമിച്ചത്. കഴിഞ്ഞ ദിവസം മുൻ സ്റ്റാൻഡിങ് കൗൺസൽ അഡ്വ എം.യു വിജയ ലക്ഷ്മിയും നിയമോപദേശകൻ അഡ്വ ജാജു ബാബുവും രാജി വച്ചിരുന്നു. പുതിയ സ്റ്റാൻഡിങ് കൗൺസൽ അഡ്വ. ഗോപകുമാരൻ നായർ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ബാർ കൗൺസിൽ പ്രസിഡന്റ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ ഇദ്ദേഹം നേരത്തെ വഹിച്ചിരുന്നു.