കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച് തന്നെ അപമാനിച്ചിട്ടുണ്ടെന്ന ജോസ് കെ. മാണിയുടെ ഭാര്യയുടെ ആരോപണത്തില്‍ പ്രതികരിച്ച് യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ്ജ് രംഗത്ത്.
ആ സ്ത്രീ പറഞ്ഞ കാര്യം ശരിയാണെങ്കില്‍ എം.പിയായ ജോസ്.കെ മാണി എന്ത് നടപടിയാണ് സ്വന്തം ഭാര്യയുടെ പരാതിയില്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ചില കേന്ദ്രങ്ങള്‍ തന്നെ സംശയത്തിലാക്കുന്ന പശ്ചാത്തലത്തില്‍ Express kerala-യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
54% വനിതകള്‍ ഉള്ള ലോക് സഭ മണ്ഡലത്തിലെ പ്രതിനിധിയായ ജോസ്.കെ മാണിക്ക് എങ്ങനെയാണ് അവിടുത്തെ വനിതകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുക ? ഷോണ്‍ ചോദിക്കുന്നു.
എന്റെ ഭാര്യക്കായിരുന്നു ആ ഗതിയെങ്കില്‍ ഞാന്‍ വെറുതെ വിടില്ല, വിമാനം പിടിച്ച് പോയാലും ശക്തമായി പ്രതികരിച്ചതിന് ശേഷമാണ് വീട്ടില്‍ പോവുകയെന്നും അദ്ദേഹം തുറന്നടിച്ചു.
എം.പിയുടെ ഭാര്യ പറഞ്ഞ കഥയിലെ വില്ലന്‍ ഞാനല്ല. എന്നാല്‍ എന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിനാല്‍ ആരാണ് വില്ലന്നെന്ന് അവരെ കൊണ്ട് പറയിപ്പിക്കും. ഷോണ്‍ വ്യക്തമാക്കി.
ജോസ് കെ.മാണിയുടെ ഭാര്യ നിഷാ ജോസ് എഴുതിയ ജീവിതാനുഭവക്കുറുപ്പുകളുടെ സമാഹാരമായ ‘ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ‘ എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇതിനെതിരെ നേരത്തെ ഷോണ്‍ ജോര്‍ജ്ജിന്റെ പിതാവും എം.എല്‍.എയുമായ പി.സി.ജോര്‍ജും രംഗത്ത് വന്നിരുന്നു.
മാണിയുടെ മരുമകള്‍ ചുളിവില്‍ പബ്ലിസിറ്റിക്ക് വേണ്ടി ഇതും ഇതിലപ്പുറവും പറയുമെന്നായിരുന്നു പി.സി ജോര്‍ജ്ജിന്റെ പ്രതികരണം. പാലായില്‍ നിഷയ്ക്ക് മത്സരിക്കാന്‍ പദ്ധതിയുണ്ടെന്നും ജോര്‍ജജ് ആരോപിച്ചിരുന്നു.
പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ‘മീ ടൂ’ പ്രചാരണത്തില്‍ താനും പങ്കുചേരുന്നുവന്നും ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ് എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു സംഭവമെന്നു പറയുന്ന നിഷ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകള്‍ മാത്രമാണ് തരുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്.
അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’– ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.
കോട്ടയത്തെ ഒരു യുവ കോണ്‍ഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തില്‍ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാള്‍ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തില്‍ സൂചനയുണ്ട്. പേരൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ആളെ മനസ്സിലാക്കാവുന്ന സൂചനകള്‍ പുസ്തകം നല്‍കുന്നുണ്ട്.
ബാര്‍ കോഴവിവാദം, സോളര്‍, സരിത തുടങ്ങി കെ.എം. മാണിയുടെ കുടുംബം നേരിട്ട ആരോപണങ്ങളെപ്പറ്റിയും അതു കുടുംബത്തിലുണ്ടാക്കിയ വിഷമങ്ങളെപ്പറ്റിയും നിഷ എഴുതുന്നുണ്ട്. കുമരകത്തു നടന്ന ചടങ്ങില്‍ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിയാണ് പ്രകാശനം ചെയ്തിരുന്നത്.
റിപ്പോര്‍ട്ട്: എം വിനോദ്