അയോധ്യ ഭൂമി പൂജ ചടങ്ങിലേക്ക് അദ്വാനിക്കും മനോഹര്‍ ജോഷിക്കും ക്ഷണമില്ല

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമി പൂജ ചടങ്ങിലേക്ക് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ക്ഷണമില്ല. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി ഉമ ഭാരതിയേയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഉമ ഭാരതിയും കല്യാണ്‍ സിങും അറിയിച്ചു. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചന കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമ ഭാരതിയും പ്രതികളാണ്.

കഴിഞ്ഞ ആഴ്ച അദ്വാനി വീഡിയോ കോണ്‍ഫറന്‍സിലൂടെ ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിക്ക് മുമ്പാകെ ഹാജരായി തനിക്കെതിരേയുള്ള കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു. കേസില്‍ മുരളി മനോഹര്‍ ജോഷിയും ഉമ ഭാരതിയും നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം, രമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അയോധ്യയില്‍ ഓഗസ്റ്റ് 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും.

അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി, രാം ലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കും. പള്ളിക്കായി സ്ഥലം അനുവദിച്ച ഇടവും മോദി സന്ദര്‍ശിക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കായി ക്ഷണിച്ച കാര്യം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് അറിയിച്ചത്. ഉച്ചയോടെയാണ് ഭൂമി പൂജ നടക്കുന്നത്. അതിന് മുമ്പ് പ്രധാനമന്ത്രി ഹനുമാന്‍ ഗാര്‍ഹി സന്ദര്‍ശിക്കും. 12.15നാണ് ഭൂമി പൂജ നടക്കുക.

40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തടകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു. തറക്കല്ലിടല്‍ ചടങ്ങിന് മൂന്ന് ദിവസം മുമ്പ് തന്നെ പൂജകള്‍ ആരംഭിക്കും.

നരേന്ദ്രമോദിക്ക് പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍, വിനയ് കത്വാര്‍, യോഗി ആദിത്യനാഥ്, മോഹന്‍ ഭാഗവത് അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Top