Advani dissatisfied over frequent parliament adjournments

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ രോഷം പ്രകടിപ്പിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവച്ചപ്പോള്‍ പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാറിനെ അടുത്ത് വിളിച്ചാണ് അദ്വാനി പൊട്ടിത്തെറിച്ചത്.

സഭ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് അദ്വാനി ചോദിച്ചു. സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സ്പീക്കര്‍ക്കോ പാര്‍ലമെന്ററികാര്യ മന്ത്രിക്കോ കഴിയുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെട്ട അദ്വാനിയെ ശാന്തനാക്കാന്‍ അനന്ത്കുമാര്‍ പരിശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം കാണുന്നുണ്ടെന്നും അനന്ത്കുമാര്‍ പറഞ്ഞു. എന്നാല്‍ അദ്വാനി ശാന്തനായില്ല. ഇക്കാര്യം താന്‍ പരസ്യമായി പറയുമെന്ന് ഭീഷണി മുഴക്കി. ‘ഭരണപക്ഷവും പ്രതിപക്ഷവും സഭാസ്തംഭനത്തിന് ഉത്തരവാദികളാണ്. സ്പീക്കറുമായി സംസാരിക്കു’മെന്നും അദ്വാനി പറഞ്ഞു.

Top