ലഖ്നൗ:അയോധ്യയില്‍ പുതിയതായി നിര്‍മിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളിമനോഹര്‍ ജോഷിയും പങ്കെടുക്കില്ല. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ഥിച്ചതെന്നും അദ്വാനിയും ജോഷിയും അത് അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ജനുവരി 22-നാണ് പ്രതിഷ്ഠാചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കും. 96 വയസ്സാണ് അദ്വാനിയുടെ പ്രായം. ജോഷിയ്ക്ക് അടുത്തമാസം 90 വയസ്സു തികയും. അയോധ്യാ രാമക്ഷേത്ര നിര്‍മാണ ആവശ്യത്തിന് മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളായിരുന്നു ഇരുവരും.
ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ ജനുവരി 15-ന് പൂര്‍ത്തിയാകുമെന്നും പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള പൂജകള്‍ 16-ാം തീയതി മുതല്‍ ആരംഭിച്ച് 22 വരെ തുടരുമെന്നും ചമ്പത് റായ് കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി ദേവെഗൗഡയെ ക്ഷണിക്കാന്‍ മൂന്നംഗ സമിതി രൂപവത്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.നാലായിരത്തോളം പുരോഹിതന്മാരും 2,200 മറ്റ് അതിഥികളും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. കാശി വിശ്വനാഥ്, വൈഷ്ണോദേവി തുടങ്ങിയ പ്രധാനക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാരും ചടങ്ങില്‍ പങ്കെടുക്കും.
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാതാരങ്ങളായ അമിതാഭ് ബച്ചന്‍, രജനികാന്ത്, മാധുരി ദീക്ഷിത്, സംവിധായകന്‍ മാധുര്‍ ഭണ്ഡാര്‍കര്‍, വ്യവസായ പ്രമുഖന്മാരായ മുകേഷ് അംബാനി, അനില്‍ അംബാനി, പ്രശസ്ത ചിത്രകാരന്‍ വസുദേവ് കാമത്ത് തുടങ്ങി നിരവധി പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചമ്പത് റായി പറഞ്ഞു.പ്രതിഷ്ഠാ ചടങ്ങുകള്‍ക്കു ശേഷം ജനുവരി 24 മുതല്‍ 48 ദിവസത്തേക്ക് മണ്ഡല്‍പൂജ നടത്തും. ജനുവരി 23-ന് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും.