ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിവാദം ; അവസരം മുതലാക്കി വിമാനക്കമ്പനികളുടെ പരസ്യങ്ങൾ

ന്യൂഡല്‍ഹി: ബിസിനസ്സ് രംഗത്ത് ലഭിക്കുന്ന അവസരങ്ങൾ മുതലാക്കുക എന്നത് ഒരു തന്ത്രമാണ്.

അത്തരത്തിൽ യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാനക്കമ്പനികള്‍ തമ്മില്‍ നടക്കാറുള്ളത് വലിയ മത്സരമാണ്.

പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചും നിരക്ക് കുറച്ചുമെല്ലാം പരസ്യങ്ങള്‍ നല്‍കുന്നത് വളരെ സാധാരണവുമാണ്.

എന്നാൽ ലഭിച്ച സാഹചര്യത്തെ മുതലാക്കി വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേയ്‌സും പുറത്തിറക്കിയതെന്ന പേരില്‍ പ്രചരിക്കുന്ന പരസ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി ജീവനക്കാര്‍ ഒരു യാത്രക്കാരനെ മര്‍ദിച്ച സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടി.

ഈ അവസരം മുതലാക്കിയാണ് പുതിയ പരസ്യങ്ങള്‍ പ്രചരിക്കുന്നത്.

ജെറ്റ് എയര്‍വേയ്‌സിന്റേതെന്ന പേരിലുള്ള പരസ്യം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

‘മത്സരം ഞങ്ങള്‍ അടിക്കും (ജയിക്കും), നിങ്ങളെ അടിക്കില്ല’ (we beat our competition, not you) എന്നാണ് ജെറ്റ് എയര്‍വേയ്‌സിന്റെ ലോഗോയോടൊപ്പമുള്ള പോസ്റ്ററില്‍ പറയുന്നത്.

അതേസമയം, ഇത്തരമൊരു പരസ്യം തങ്ങള്‍ നല്‍കിയിട്ടില്ലെന്ന നിലപാടാണ് ജെറ്റ് എയര്‍വേയ്‌സ് സ്വീകരിച്ചിരിക്കുന്നത്.

ഈ പരസ്യം വ്യാജമാണെന്നും ഇത്തരത്തില്‍ പരസ്യം ചെയ്യുക എന്നത് തങ്ങളുടെ രീതിയല്ലെന്നും ധാര്‍മികതയ്ക്കു നിരക്കുന്നതല്ലെന്നും ജെറ്റ് എയര്‍വേയ്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു.

യാത്രക്കാര്‍ക്ക് തങ്ങള്‍ നല്‍കുന്നത് സേവനത്തെയും അവരോടുള്ള പെരുമാറ്റത്തെയും ചൂണ്ടിക്കാണിച്ചുകൊണ്ടും ഇന്‍ഡിഗോ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുമായിരുന്നു എയർ ഇന്ത്യയുടെ പരസ്യം.

‘ഞങ്ങള്‍ കൈയ്യുയര്‍ത്തുന്നത് നമസ്‌തേ പറയാന്‍ മാത്രം’ (We Raise Our Hands Only To Say Namaste)- എന്നായിരുന്നു പരസ്യത്തിലെ വാചകം. എയര്‍ ഇന്ത്യയുടെ ഐക്കണ്‍ ഇമേജ് ആയ മഹാരാജാവിന്റെ കൈകൂപ്പി നില്‍ക്കുന്ന ചിത്രവും ഇതിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പരസ്യം പിന്‍വലിക്കപ്പെട്ടു.

image

എയര്‍ ഇന്ത്യയുടേതെന്ന പേരില്‍ അവരുടെ ലോഗോ അടക്കമുള്ള മറ്റൊരു പരസ്യത്തില്‍ ‘അണ്‍ബീറ്റബിള്‍ സര്‍വീസ്’ എന്നതായിരുന്നു വാചകം. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഈ പരസ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഭാവനയും സര്‍ഗാത്മകതയുമാണ് ഇത്തരം പരസ്യങ്ങള്‍ക്കു പിന്നിലെന്നും ഒരു വിഭാഗം പറയുന്നു. അതു വ്യക്തമാക്കുന്ന തരത്തില്‍ വേറെയും പരസ്യവാചകങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഒക്ടോബര്‍ 15നാണ് ചെന്നൈയില്‍ നിന്ന് ഡൽഹിയിൽ എത്തിയ രാജീവ് കട്യാലിനെയാണ് ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫുകള്‍ മര്‍ദ്ദിച്ചത്.

വിമാനം ലാന്‍ഡ് ചെയ്തിട്ടും യാത്രക്കാരെ കയറ്റാനുള്ള ബസ് എത്താൻ വൈകിയതിനെ ചോദ്യം ചെയ്തതിനാണ് കട്യാലിനെ ഗ്രൗണ്ട് ജീവനക്കാര്‍ ഉപദ്രവിച്ചത്.

മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോ സമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി. വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ഇന്‍ഡിഗോ യാത്രക്കാരനോട് മാപ്പു ചോദിച്ച് രംഗത്തെത്തി.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഞങ്ങളുടെ യാത്രക്കാര്‍ക്കുണ്ടായ അസുഖകരമായ അനുഭവത്തെ ഞാന്‍ അംഗീകരിക്കുന്നു. ഇത് തങ്ങളുടെ സംസ്‌കാരമല്ല. സംഭവത്തില്‍ ഉള്‍പ്പെട്ട യാത്രക്കാരനോട് വ്യക്തിപരമായും അല്ലാതെയും നേരിട്ട് മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്തിയതായും കുറ്റം ചെയ്ത ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഘോഷ് വ്യക്തമാക്കിയിരുന്നു.

Top