പരസ്യ പ്രസ്താവന; രാജ് മോഹന്‍ ഉണ്ണിത്താനെതിരെ കെപിസിസിക്ക് പരാതി

തിരുവനന്തപുരം: രാജ് മോഹന്‍ ഉണ്ണിത്താനെതിരെ കെപിസിസിക്ക് പരാതി. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും ഉണ്ണിത്താന്‍ അവഹേളിച്ചുവെന്നാണ് പരാതി. ഡി സി സി പ്രസിഡന്റ് പട്ടിക അംഗീകരിക്കാനാകുന്നില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വേറെ പാര്‍ട്ടി ഉണ്ടാക്കട്ടെയെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരസ്യ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണം.

പണ്ട് 1964 കോണ്‍ഗ്രസ് പിളര്‍ന്നു പല ഗ്രൂപ്പായി. കേരള കോണ്‍ഗ്രസ് ഉണ്ടായി. അതുതന്നെ പല ഗ്രൂപ്പുകളാണ് ഇപ്പോള്‍. മാണി, ജോസഫ്, ജേക്കബ് എന്നിങ്ങനെ പല നേതാക്കന്മാരുടെ പേരില്‍. അത്ര വലിയ സ്വാധീനം ഉള്ള നേതാക്കന്മാര്‍ ആണെങ്കില്‍ അതുപോലെ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ചെയ്യാം.

അവര്‍ വേറെ പാര്‍ട്ടി ഉണ്ടാക്കട്ടെ. യു ഡി എഫുമായി സഖ്യം ഉണ്ടാക്കട്ടെ. ഇഷ്ടമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കട്ടെ, പദവികള്‍ കൊടുക്കട്ടെ. അതിന് പറ്റില്ലെങ്കില്‍ അവരുടെ വഴിനോക്കി പോണം. അതല്ല, കോണ്‍ഗ്രസിനകത്ത് നില്‍ക്കാനാണ് താല്‍പര്യമെങ്കില്‍ ഹൈക്കമാന്‍ഡിനെ അനുസരിക്കണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി സി സി പട്ടികയില്‍ യാതൊരു പരാതിയും ഇല്ല. ഗ്രൂപ്പ് നേതാക്കളായിട്ടുള്ള ഇവര്‍ക്കാണ് പരാതി. ഹൈക്കമാന്‍ഡിനെ അനുസരിച്ചില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കന്മാര്‍ക്ക് പ്രസക്തിയില്ല. എല്ലാ കാലത്തും പട്ടികയില്‍ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.

ഇവര്‍ക്ക് പാര്‍ട്ടി രക്ഷപ്പെടേണ്ട എന്നാണ്. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആലോചിച്ചില്ല എന്ന് പറയുന്നതില്‍ പ്രസക്തിയില്ല. ഈ നേതാക്കന്മാര്‍ പറഞ്ഞിട്ടാണ് മൂന്നുപേരെ മാറ്റിയത്. കോണ്‍ഗ്രസിന്റെ പേരിലാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എല്ലാം അറിയപ്പെടുന്നത്. അത് മറക്കരുതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കമാന്റ് നിലപാട് നിലനില്‍ക്കുമ്പോഴാണ് ഉണ്ണിത്താന്റെ പരാമര്‍ശമെന്നും പരാതിയില്‍ ഉണ്ട്.

Top