കൊച്ചി: നടി ആക്രമണ കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവതയുടെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഭിഭാഷകരില്‍ നിന്നുള്‍പ്പെടെ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. തന്റെ സര്‍വ്വീസ് കാലയളവില്‍ ഇതുവരെ ഒരു പരാതിക്കും ഇടവരുത്താതെ നിഷ്പക്ഷമായി പ്രവര്‍ത്തിച്ച ജഡ്ജി ഹണി എം വര്‍ഗ്ഗീസിനെ താറടിക്കാന്‍ നടത്തുന്ന നീക്കങ്ങളെ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലന്നതാണ് മുതിര്‍ന്ന അഭിഭാഷകരുടെയും നിലപാട്. ഹൈക്കോടതി ജഡ്ജിവരെ ആകാന്‍ ഏറെ സാധ്യതയുള്ള വനിതാ ജഡ്ജിക്കെതിരായ ആക്ഷേപത്തിനു പിന്നില്‍, മറ്റെന്തെങ്കിലും ‘ അജണ്ട’ ഉണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്നതാണ് ഒരു വിഭാഗം അഭിഭാഷകരുടെ ആവശ്യം. വാര്‍ത്താ ചാനലുകളിലൂടെ ജഡ്ജിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ഈ വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്.
അതിജീവതയാണെന്നു കരുതി അവര്‍ ആവശ്യപ്പെടുന്ന എല്ലാ ആവശ്യവും അനുവദിച്ച് നല്‍കുവാന്‍ നിയമം അനുവദിക്കുന്നില്ലന്നാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. തനിക്കിഷ്ടമുള്ളവര്‍, അതല്ലങ്കില്‍ താന്‍ ആവശ്യപ്പെടുന്നവര്‍ മാത്രം കേസ് കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്നത് തന്നെ ശരിയല്ല. വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് അത് അനുവദിച്ചു കൊടുത്തപ്പോള്‍, വിചാരണ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍, പുരഷ ജഡ്ജി ആയാലും മതിയെന്ന് അതിജീവത പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് അഭിഭാഷകരുടെ ചോദ്യം. ഇതു സംബന്ധമായി ഹൈക്കോടതി അഭിഭാഷകനായ മൻസൂർ ബി.എച്ച് ഫെയ്‌സ് ബുക്കിലിട്ട കുറിപ്പും നിയമ കേന്ദ്രങ്ങളില്‍ ഗൗരവമായ ചര്‍ച്ചക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ജുഡീഷ്യറിയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള നീക്കത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന തരത്തിലുള്ള കമന്റുകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാണ്.
മന്‍സൂറിന്റെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:-
നടി ആക്രമണ കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് അതിജീവിത. കേസ് പുതിയ ജഡ്ജി കേള്‍ക്കണം. പുരുഷനായാലും പ്രശ്‌നമില്ലെന്നാണ് അതിജീവിത ഹൈക്കോടതി മുന്‍പാകെ ഉന്നയിച്ച പുതിയ ആവശ്യം.
ക്രിമിനല്‍ നടപടി ക്രമത്തില്‍ ലൈംഗിക പീഡന കേസുകളിലെ ഇരകള്‍ക്കു ചില പ്രത്യേക അവകാശങ്ങളും പരിരക്ഷയും കേസ് അന്വേഷണ വേളയിലും വിചാരണയിലും ഉറപ്പു നല്‍കുന്നുണ്ട്.
ഇതില്‍ പ്രധാനപ്പെട്ടവയാണ് കേസ് അന്വേഷണം പരമാവധി രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നതും വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നുമുള്ള വ്യവസ്ഥ. ഇക്കാരണത്താല്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ നാള്‍ വഴി പരിശോധിക്കുക യാണെങ്കില്‍ മേല്പറഞ്ഞ രണ്ടു കാര്യങ്ങളിലും ഇതുവരെ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ വസ്തുതകള്‍ വിലയിരുത്തേണ്ടതുണ്ട്.
അനന്തമായി നീളുന്ന തുടരന്വേഷണം .പിന്നെ അതിജീവിതയുടെ സ്വകാര്യതയ്ക്ക് നിയമം നല്‍കുന്ന പരിരക്ഷ അവര്‍ തന്നെ നഷ്ടപ്പെടുത്തികൊണ്ട് ഒരു ദേശിയ മാധ്യമത്തിനു മുന്നില്‍ പ്രത്യക്ഷപെട്ടു നിയമ സംവിധാനത്തെ പ്രഹസനമാക്കി .
ഇനി വിചാരണ കോടതിയിലെ വനിതാ ജഡ്ജിയുടെ കാര്യം …വിചാരണയുടെ അന്തിമഘട്ടത്തില്‍ അവരെ മാറ്റി പുരുഷ ജഡ്ജിയായാലും പ്രശ്‌നമില്ലെന്ന പുതിയ നിലപാടെടുത്തൂ.
ക്രിമിനല്‍ നടപടി ക്രമം അനുസരിച്ചു ലൈംഗിക പീഡന കേസുകള്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന വ്യവസ്ഥയ്ക്കും അതിജീവിതക്കു തൃപ്തി പോരാ.
ജഡ്ജിയെ മാറ്റാന്‍ സാധാരണ കോടതിയെ സമീപിക്കുക പ്രതികളാണ് എന്നാല്‍ ഇവിടെ ഇര തന്നെ കേസ് വിചാരണയുടെ അന്തിമഘട്ടത്തില്‍ കോടതിയെ സമീപിക്കുന്നൂ.
ഇത്തരം തെറ്റായ കീഴ് വഴക്കങ്ങള്‍ നീതിന്യായ വ്യവസ്ഥയെ വെല്ലു വിളിക്കുന്നതിന് സമാനമാണ്. ഇനി മുതല്‍ ഓരോ അതിജീവിതയും ഇരയും എല്ലാം താന്‍ പറയുന്ന ജഡ്ജി കേസ് വിചാരണ നടത്തണമെന്ന് ആവശ്യം ഉന്നയിച്ചാല്‍ നമ്മുടെ നിയമ വ്യവസ്ഥയുടെ നിലനില്‍പ് തന്നെ അവതാളത്തില്‍ ആവും .ജുഡീഷ്യറി ഇതുവരെ കാണാത്ത തരത്തിലുള്ള ഇത്തരം തെറ്റായ പ്രവണതകള്‍ മുളയിലേ നുള്ളേണ്ടതുണ്ട്.