റിമാന്‍ഡ് പ്രതിയുടെ ഭാര്യയോട് മോശമായി പെരുമാറി;അഭിഭാഷകനെതിരെ കേസ്

rape-sexual-abuse

പാലക്കാട്: റിമാന്‍ഡ് പ്രതിയുടെ ഭാര്യയോട് അഭിഭാഷകന്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. പ്രതിയുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ബാറിലെ അഭിഭാഷകന്‍ എസ്. രാധാകൃഷ് ണന്റെ പേരിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അഭിഭാഷകന്‍ ജയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പ്രതി ഇദ്ദേഹത്തോട് നിയമസഹായം ആവശ്യപ്പെട്ടത്. പിന്നീട് അഭിഭാഷകന്‍ പ്രതിയുടെ ഭാര്യയെ സമീപിക്കുകയും നിയമ സഹായത്തിന് വന്‍ തുക ആവശ്യപ്പെടുകയും ചെയ്തു.

ഇത്രയും വലിയ തുക നല്‍കാനാകില്ലെന്ന് അറിയിച്ചപ്പോള്‍ അഭിഭാഷകന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ജയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതിയോട് ഭാര്യ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതി ജയില്‍ അധികൃതര്‍ വഴി പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി സൗത്ത് പോലീസിന് നിര്‍ദേശം നല്‍കി. സൗത്ത് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തശേഷം തുടരന്വേഷണത്തിനായി സംഭവം നടന്ന നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്കു കൈമാറി.

സ്ത്രീക്ക് മാനഹാനി വരുത്തുന്ന വിധത്തില്‍ പെരുമാറിയെന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. വരും ദിവസങ്ങളില്‍ ഇരുകക്ഷികളെയും ചോദ്യംചെയ്ത് തുടര്‍നടപടികളാരംഭിക്കുമെന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അധികൃതര്‍ അറിയിച്ചു.

Top