കോട്ടയം: വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം എസ്ഐ എ പി ഡിനിയെയാണ് അഭിഭാഷകനായ വിപിൻ ആൻറണിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തത്. ഇന്നലെയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാൾ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു.
എസ്ഐ എ പി ഡിനിയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെയായിരുന്നു സംഭവം. വിപിൻ ആന്റണി സുഹൃത്തുക്കളുമൊത്ത് സഞ്ചരിച്ച കാറിൽ നിന്നും പൊലീസ് മദ്യകുപ്പികൾ കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്യാൻ ആരംഭിച്ചപ്പോൾ വിപിൻ ആന്റണി കാറിൽ നിന്ന് ഇറങ്ങി വരികയും വനിത എസ് ഐ യെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് വിപിൻ ആന്റണിയെ പിടിച്ചുമാറ്റി പൊലീസ് ജീപ്പിൽ കയറ്റിയത്.
ഇയാൾക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാന്റ് ചെയ്തു. പ്രതിയുടെ കൂടെ വന്നിരുന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. ഇവർക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു