ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഇന്ന് രാവിലെ ഒഡീഷ തീരത്തെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു വിജയകരമായ പരീക്ഷണം നടന്നത്. സൂപ്പര്‍സോണിക് യുദ്ധവിമാനമായ സുഖോയ് 30 എംകെഐയില്‍ നിന്ന് ആണ് പരീക്ഷണം നടത്തിയത്. വിമാനത്തില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പാത പിന്തുടര്‍ന്നു കൊണ്ട് എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കി.
ബ്രഹ്മോസ് വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ വിക്ഷേപണം. രാജ്യത്തിനകത്ത് ബ്രഹ്മോസ് വ്യോമ മിസൈല്‍ പരമ്പരയുടെ നിര്‍മ്മാണത്തിന് ഇത് വഴിയൊരുക്കും. റാംജെറ്റ് എഞ്ചിന്റെ അവിഭാജ്യ ഘടകമായ പ്രധാന എയര്‍ഫ്രെയിം ഉപകരണങ്ങള്‍ ഇന്ത്യയിലെ വ്യവസായ മേഖല തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഇവയുടെ ഘടനാപരമായ സമഗ്രതയും പ്രവര്‍ത്തന മികവും ഇന്നത്തെ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടു. ബ്രഹ്മോസിന്റെ വ്യോമ പതിപ്പ് 2021 ജൂലൈയിലാണ് അവസാനമായി പരീക്ഷിച്ചത്.
സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വികസനത്തിനും ഉല്‍പ്പാദനത്തിനും വിപണനത്തിനുമായി ഇന്ത്യയും (ഡിആര്‍ഡിഒ) റഷ്യയും (എന്‍പിഒഎം) ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. ശക്തമായ ആക്രമണ ശേഷിയുള്ള മിസൈല്‍ സംവിധാനമായ ബ്രഹ്മോസ്, നേരത്തെ തന്നെ സായുധ സേനയുടെ ഭാഗമാണ്. വിജയകരമായ പരീക്ഷണ വിക്ഷേപണത്തിന് ഡിആര്‍ഡിഒ, ബ്രഹ്മോസ്, ഇന്ത്യന്‍ വ്യോമസേന, വ്യവസായ മേഖല എന്നിവരെ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു.