മഡ്ഗാവ്: എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലെ 2-ാം മത്സരത്തിലും എഫ്‌സി ഗോവയ്ക്കു ഗോളില്ലാ സമനില. യുഎഇ ക്ലബ് അല്‍ വഹ്ദയോടാണു ഗോവ സമനില വഴങ്ങിയത്. ആദ്യ കളിയില്‍ ഖത്തര്‍ ക്ലബ് അല്‍ റയ്യാനോടും ഗോവ സമനില വഴങ്ങിയിരുന്നു.
ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ഇരുടീമിനും ഒട്ടേറെ അവസരങ്ങള്‍ തുറന്നു കിട്ടിയെങ്കിലും ഗോള്‍ നേടാനായില്ല. ഉജ്വലമായ സേവുകളുമായി ഗോള്‍കീപ്പര്‍ ധീരജ് സിങ് 2-ാം മത്സരത്തിലും ഗോവയെ കാത്തു. ചൊവ്വാഴ്ച ഇറാന്‍ ക്ലബ് പെര്‍സ്‌പോളിസിനെതിരെയാണു ഗോവയുടെ അടുത്ത മത്സരം. ഇ ഗ്രൂപ്പില്‍ 4 പോയിന്റുമായി പെര്‍സ്‌പോളിസാണ് ഒന്നാം സ്ഥാനത്ത്. 2 പോയിന്റുമായി ഗോവ 2-ാമത്.
അല്‍ വഹ്ദയുടെ അര ഡസന്‍ ഗോള്‍ ഷോട്ടുകളാണു ധീരജും പ്രതിരോധനിരയും ചേര്‍ന്നു രക്ഷപ്പെടുത്തിയത്. പകുതി സമയത്തിനു തൊട്ടു മുന്‍പ് മറ്റാവ്‌സിന്റെ ഷോട്ട് സേവ് ചെയ്ത ധീരജ് ഇന്‍ജറി ടൈമില്‍ ഗോളെന്നുറപ്പിച്ച അവസരവും രക്ഷപ്പെടുത്തി. ഉജ്വലമായ ടാക്കിളുകളുമായി സെരിറ്റന്‍ ഫെര്‍ണാണ്ടസും അല്‍ വഹ്ദ മുന്നേറ്റങ്ങളെ തടഞ്ഞു.
ആദ്യ കളിയില്‍ നിന്നു വ്യത്യസ്തമായി മുന്നേറ്റത്തിലും ഗോവ വീര്യം കാണിച്ചു. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ചതുള്‍പ്പെടെ ഗോവയ്ക്കും മത്സരത്തില്‍ നിര്‍ഭാഗ്യ നിമിഷങ്ങളുണ്ടായി.