കൊച്ചി സ്റ്റേഡിയത്തിന്റെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് എഎഫ്സി

കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണ്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്തോനീഷ്യയില്‍ നടന്നതിന് സമാനമായ ഒരു ദുരന്തമാണ് കൊച്ചി സ്റ്റേഡിയത്തെയും കാത്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാസം 21 ന് നടന്ന ഐഎസ്എല്‍ ഓപ്പണ്‍ മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐഎസ്എല്‍ മത്സരങ്ങള്‍ക്കിടെ പെയ്ത മഴയില്‍ സ്റ്റേഡിയം ചോര്‍ന്നൊലിച്ചത് വലിയ വാര്‍ത്തയായിരുന്നു. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ കാണികള്‍ വലയുകയായിരുന്നു. ഈ വര്‍ഷാവസാനം കൊച്ചിയില്‍ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം നടത്തുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് മാറ്റിവെച്ചിരിക്കുകയാണ്.

‘കഴിഞ്ഞ ദിവസം ഞാന്‍ മത്സരം കണ്ടപ്പോള്‍, അവിടെ ധാരാളം കുടുംബങ്ങള്‍ ഉണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍. ഇത് ഫുട്‌ബോളിന് വളരെ നല്ലതാണ്, പക്ഷേ ഇത് ഒരു ദുരന്തത്തിലേക്കാണ് നയിക്കുന്നത്,’ വിന്‍ഡ്‌സര്‍ ജോണ്‍ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ ഒരു വര്‍ഷം മുന്‍പ് ഇന്തോനീഷ്യയില്‍ സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അത്‌കൊണ്ട് ജാഗ്രത പുലര്‍ത്താതെ ഇത്തരമൊരു പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് അനുവദിക്കാന്‍ സാധിക്കില്ല. അത് വലിയ ദുരന്തമായി മാറും. അത് എഐഎഫ്എഫിന്റെ ഏറ്റവും വലിയ ആശങ്കയാണെന്ന് ഞാന്‍ കരുതുന്നു, എന്റെ ആശങ്കകളും ഞാന്‍ അറിയിച്ചിട്ടുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

2022 ഒക്ടോബറില്‍, ഇന്തോനേഷ്യയിലെ മലാംഗില്‍ നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെ ഹോം ടീം തോറ്റതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 125-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. കലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഐഎസ്എല്ലിന്റെ പ്രിയപ്പെട്ട ഫുട്ബോള്‍ ഗ്രൗണ്ടുകളില്‍ ഒന്നായ കൊച്ചി സ്റ്റേഡിയത്തിന്റെ സ്ഥാനം ഒരു പ്രശ്‌നമാണെന്ന് എഎഫ്സി കണക്കാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ”സുരക്ഷാ ഇന്‍ഫ്രാസ്ട്രക്ചര്‍, ആരാധകര്‍, ഉദ്യോഗസ്ഥര്‍, കളിക്കാര്‍ എന്നിവരെ വേര്‍തിരിക്കുന്ന സംവിധാനങ്ങള്‍, നിര്‍ഭാഗ്യവശാല്‍ സ്റ്റേഡിയത്തിന്റെ സ്ഥാനം എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയില്‍ പ്രകടമായ പ്രശ്‌നങ്ങള്‍ ഉണ്ട്,” ജോണ്‍ പറഞ്ഞു.

 

 

Top