യു.എസ് ഓർക്കണം, വിയറ്റ്നാം അല്ല അഫ്ഗാനിസ്ഥാൻ, ചെയ്തത് തെറ്റ്

ഫ്ഗാനിസ്ഥാനെയും അവിടുത്തെ ജനങ്ങളെയും താലിബാന് വിട്ടുകൊടുത്താണ് അമേരിക്ക ഇപ്പോള്‍ മടങ്ങുന്നത്. സ്വന്തം സഖ്യകക്ഷികള്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത രാജ്യമായി അമേരിക്ക ഇതിനകം തന്നെ മാറി കഴിഞ്ഞു. മരണമുഖത്തേക്ക് അഫ്ഗാന്‍ ജനതയെ എറിഞ്ഞു കൊടുത്ത ഈ നാണംകെട്ട പിന്‍മാറ്റത്തിന് ചരിത്രം ഒരിക്കലും അമേരിക്കക്ക് മാപ്പ് നല്‍കുകയില്ല. അമേരിക്കയെ വിശ്വസിച്ച് ഒപ്പം നിന്നിരുന്ന അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ജീവനും ത്രിശങ്കുവിലാണ്. ഇവരില്‍ എത്ര പേര്‍ക്ക് അമേരിക്ക അഭയം നല്‍കുമെന്നതും കണ്ടു തന്നെ അറിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

അമേരിക്കയുടെ പിന്തുണയില്ലാതെ ആയുധമെടുക്കാനുള്ള ശേഷി അഫ്ഗാന്‍ സൈന്യത്തിന് ഉണ്ടായിരുന്നില്ല എന്നതാണ് കാര്യങ്ങള്‍ താലിബാന് എളുപ്പമാക്കിയിരിക്കുന്നത്. അമേരിക്ക ട്രെയിന്‍ ചെയ്യിച്ച സൈനികരുടെ മനോവീര്യം തകര്‍ത്തിരിക്കുന്നതും അമേരിക്ക തന്നെയാണ്. താലിബാനക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടായിട്ടും ആയുധം ഉപേക്ഷിച്ച് അഫ്ഗാന്‍ സൈന്യം പിന്‍മാറിയത് അമ്പരപ്പിക്കുന്ന കാഴ്ചയാണ്.ഇതോടെ ലോകത്തിന് മുന്നില്‍ നാണം കെട്ടിരിക്കുന്നതും അമേരിക്ക തന്നെയാണ്.

കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ യുഎസ് എംബസിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൃശ്യം ചരിത്രത്തിന്റെ ആവര്‍ത്തനമാണ് തുറന്നു കാട്ടുന്നത്. 1975-ല്‍ വിയറ്റ്‌നാമിലെ സൈഗോണിലെ യുഎസ് എംബസിയുടെ ടെറസില്‍ നിന്ന് ഹെലികോപ്റ്ററില്‍ ആളുകളെ ഒഴിപ്പിച്ച സംഭവത്തോടാണ് മാധ്യമങ്ങള്‍ ഈ രക്ഷപ്പെടലിനെയും താരതമ്യം ചെയ്തിരിക്കുന്നത്. വിയറ്റ്‌നാം യുദ്ധത്തിനൊടുവില്‍ സംഭവിച്ചത് തന്നെ അഫ്ഗാനിലും ആവര്‍ത്തിക്കുകയാണ്. ഒരു വ്യത്യാസം മാത്രമാണ് അതിനുള്ളത്. വിയറ്റ്‌നാമില്‍ കമ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചത് ആ രാജ്യത്തെ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായാണ്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരരാണ് ഭരണം പിടിച്ചിരിക്കുന്നത്.

ആ ഭീകരതക്കു വളമിട്ടാണ് അമേരിക്കയും ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ മറ്റൊരു രാജ്യം ഇടപെടുന്നതിനെ ആരും തന്നെ അംഗീകരിക്കുകയില്ല. എന്നാല്‍ ലോകത്തിന് ഭീഷണിയായ ഭീകരത ഒരു രാജ്യത്തെ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അവിടെ ഇടപെടുക തന്നെ വേണം. അത് ലോക രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും കടമയാണ്. ആ കടമ നിര്‍വ്വഹിക്കാതെ ദൗത്യം പാതി വഴിയില്‍ ഉപേക്ഷിച്ച് മടങ്ങുന്നത് ഭീരുത്വമാണ്. ഭീകരര്‍ക്ക് കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ മാത്രമേ ഇത്തരമൊരു സാഹചര്യം വഴി ഒരുക്കുകയൊള്ളൂ. അതാണ് അഫ്ഗാനിസ്ഥാനില്‍ നാം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

ജനങ്ങള്‍ ആഗ്രഹിച്ച ഭരണമാണ് വിയറ്റ്‌നാമില്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. ആ ചുവന്ന മണ്ണില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാണ് അമേരിക്കക്ക് പലായാനം ചെയ്യേണ്ടി വന്നിരുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക തന്നെയാണ് നിലവില്‍ മതിയാക്കി മടങ്ങുന്നത്. അവര്‍ മടങ്ങുമ്പോള്‍ ഭീകരത കൂടുതല്‍ കരുത്താര്‍ജിച്ച കാഴ്ചയാണ് ലോകത്തിന് ദൃശ്യമാകുന്നത്. ഇറാനിലെ ഉന്നത സൈനിക കമാന്‍ഡറെ വധിക്കാന്‍ ധൈര്യം കാട്ടിയ അമേരിക്കക്ക് താലിബാന്‍ നേതൃത്വത്തെ വകവരുത്താന്‍ കഴിയാതിരുന്നത് അത് സാധിക്കാത്തത് കൊണ്ടല്ല മറിച്ച് അതിനു ശ്രമിക്കാതിരുന്നത് കൊണ്ട് മാത്രമാണ്. അതു കൊണ്ട് മാത്രമാണ് അമേരിക്കക്ക് സ്വന്തമായി സൈനിക ബെയ്‌സ് ഉള്ള ഖത്തറില്‍ ഇരുന്ന് താലിബാന്‍ നേതൃത്വം അഫ്ഗാനില്‍ നിരന്തരം അശാന്തി വിതച്ചിരിക്കുന്നത്.

അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം സ്വയം പിന്‍മാറുകയാണ് ചെയ്തതെങ്കില്‍ വിയറ്റ്‌നാമില്‍ സംഭവിച്ചത് പേടിച്ചുള്ള പലായനം തന്നെയാണ്. വടക്കന്‍ വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടവും അമേരിക്കന്‍ പിന്‍ബലത്തിലുള്ള തെക്കന്‍ വിയറ്റ്‌നാമും തമ്മിലുള്ള സംഘര്‍ഷമായിരുന്നു പ്രസിദ്ധമായ വിയറ്റ്‌നാം യുദ്ധത്തിലേക്ക് നയിച്ചിരുന്നത്. ഈ യുദ്ധമാകട്ടെ ഏറ്റവും ചെലവേറിയതും അമേരിക്കന്‍ ജനതയെ തന്നെ രണ്ട് തട്ടിലാക്കുന്നതുമായിരുന്നു. 1975 ഏപ്രില്‍ 30ന് തെക്കന്‍ വിയറ്റ്‌നാമിന്റെ തലസ്ഥാനമായ സൈഗോണ്‍ വടക്കന്‍ വിയറ്റ്‌നാം പടിച്ചടക്കിയതോടെയാണ് അമേരിക്കന്‍ തോല്‍വി പൂര്‍ണമായിരുന്നത്. അതാണ് ‘സൈഗോണിന്റെ വീഴ്ച’ അതായത് ‘ഫാള്‍ ഓഫ് സൈഗോണ്‍ ” എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായിരുന്നത്.

വിയറ്റ്‌നാം യുദ്ധം കനത്ത സാമ്പത്തിക നഷ്ടം മാത്രമല്ല അമേരിക്കക്ക് സമ്മാനിച്ചിരുന്നത്. 58000 അമേരിക്കക്കാരുടെ ജീവന്‍ കൂടിയാണ് ആ യുദ്ധത്തില്‍ നഷ്ടമായിരുന്നത്. ലോക വേദിയില്‍ അമേരിക്കക്ക് ഏറ്റ കനത്ത പ്രഹരം കൂടിയായിരുന്നു ഈ തിരിച്ചടി. സമാനരീതിയില്‍ സൈഗോണില്‍ സംഭവിച്ച വീഴ്ച തന്നെയാണ് കാബൂളിലും ആവര്‍ത്തിച്ചതെന്നാണ് അമേരിക്കയിലെ തന്നെ നിരീക്ഷകരില്‍ പലരും ഇപ്പോള്‍ വിലയിരുത്തുന്നത്. ഇത് ‘ജോബൈഡന്റെ സൈഗോണ്‍ ” എന്നാണ് റിപ്പബ്ലിക്കന്‍ ഹൗസ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ എലിസ് സ്റ്റെഫാനിക്ക് ആരോപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വേദിയിലെ ദാരൂണമായ പരാജയം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.

ഇരുപത് വര്‍ഷം നീണ്ട അഫ്ഗാനിസ്താന്‍ ദൗത്യം അമേരിക്കയെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധമായിരുന്നു. അഫ്ഗാനിസ്താന്‍ ദൗത്യത്തിന് യു.എസ്. ചെലവാക്കിയത് 97800 കോടി ഡോളര്‍ അതായത് ഏകദേശം 72 ലക്ഷം കോടി രൂപയാണ്. ഇതില്‍ 14300 കോടി ഡോളറും ഉപയോഗിച്ചത് അഫ്ഗാനിസ്താന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. 8800 കോടി ഡോളര്‍ അഫ്ഗാന്‍ സേനയെ പരിശീലിപ്പിക്കുന്നതിനും 360 കോടി ഡോളര്‍ ഭരണനിര്‍വഹണത്തിനും മറ്റു വികസപ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിച്ചിരിക്കുന്നത്.

2010-നും 2012-നും ഇടയില്‍ യു.എസ്. സൈനിക സാന്നിധ്യം ഒരുലക്ഷം കടന്നപ്പോള്‍ യുദ്ധച്ചെലവ് പ്രതിവര്‍ഷം 10000 കോടി ഡോളറായിരുന്നു. ഇതിനു പുറമെ ബ്രിട്ടന്‍ 3000 കോടി ഡോളറും ജര്‍മനി 1900 കോടി ഡോളറും അഫ്ഗാന്‍ ദൗത്യത്തിനായി ചെലവഴിച്ചിട്ടുണ്ട്. 2448 അമേരിക്കന്‍ സൈനികരാണ് അഫ്ഗാനില്‍ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. നാറ്റോ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 1144 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 3846 യു.എസ് കോണ്‍ട്രാക്റ്റര്‍മാരും 444 സന്നദ്ധ പ്രവര്‍ത്തകരും 72 മാധ്യമപ്രവര്‍ത്തകരും ഇക്കാലയളവില്‍ തന്നെയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 66000 അഫ്ഗാന്‍ സ്വദേശികള്‍ക്കും പോലീസുകാര്‍ക്കും ജിവന്‍ നഷ്ടപ്പെട്ടപ്പോള്‍ 51191 പേരെ താലിബാനും നഷ്ടമായിട്ടുണ്ട്.

 

ആളും ആയുധവും ഉപയോഗിച്ച് നീണ്ട വര്‍ഷങ്ങള്‍ പോരാടിയിട്ടും ഒടുവില്‍ താലിബാന് മുന്നില്‍ ആയുധംവച്ച് അമേരിക്ക കീഴടങ്ങിയത് ബോധപൂര്‍വ്വമാണ്. താലിബാന് തയ്യാറെടുപ്പിന് അവസരം ഒരുക്കാന്‍ മുന്‍ കൂട്ടി പിന്‍വാങ്ങല്‍ പ്രഖ്യാപനം നടത്താനും അമേരിക്കന്‍ പ്രസിഡന്റ് തയ്യാറായി. യഥാര്‍ത്ഥത്തില്‍ അഫ്ഗാന്‍ സൈനികരുടെ ധൈര്യം ചോര്‍ത്തി കളഞ്ഞ പ്രഖ്യാപനമായിരുന്നു അത്. ഫലപ്രാപ്തി എന്ത് എന്ന ചോദ്യമാണ് അഫ്ഗാനില്‍ ഇപ്പോള്‍ അമേരിക്ക ബാക്കിവച്ചിരിക്കുന്നത്. ഇനി ഏതൊരു രാജ്യത്തും രക്ഷകരായി അവതരിക്കാന്‍ ശ്രമിച്ചാലും ഒരു രാജ്യവും അമേരിക്കയെ വിശ്വസിക്കുകയില്ല. അഫ്ഗാന്‍ നല്‍കിയിരിക്കുന്നത് അത്രമാത്രം അനുഭവങ്ങളാണ്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഫ്ഗാന്‍ സേനയ്ക്കു യുഎസ് നല്‍കിയ അത്യാധുനിക ആയുധങ്ങളും ഇപ്പോള്‍ താലിബാന്റെ കയ്യിലാണ്. കീഴടങ്ങിയ അഫ്ഗാന്‍ സൈനികരില്‍ നിന്നു കൈക്കലാക്കിയ ആയുധശേഖരങ്ങളുടെ വിഡിയോ താലിബാന്‍ തന്നെ ഇടക്കിടെ പുറത്തുവിടുന്നുമുണ്ട്. ഇതെല്ലാം ഇനി മറ്റ് രാജ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കാനാണ് താലിബാന്‍ ശ്രമിക്കുക. അക്കാര്യത്തിലും ആശങ്ക ഏറെയാണ്. മത തീവ്രവാദികള്‍ക്ക് മുന്നിലേക്കാണ് ഒരു ജനതയെ അമേരിക്ക എറിഞ്ഞു കൊടുത്തിരിക്കുന്നത്. ഏത് മതമായാലും മത രാഷ്ട്ര സങ്കല്‍പ്പം തന്നെ ആപത്താണ്. ജീവനും കൊണ്ട് ഓടുന്ന അഫ്ഗാനികള്‍ രക്ഷപ്പെടാന്‍ വിമാനിത്തിന്റെ ചിറകിനെ പോലും ആശ്രയിക്കുന്നതും ഒടുവില്‍ ആകാശത്ത് നിന്നും വീണ് പിടഞ്ഞ് മരിക്കുന്നതുമായ കാഴ്ചകളും ഞെട്ടിക്കുന്നതാണ്.

ഇത് ലോകത്തിന് നല്‍കുന്ന സന്ദേശവും വളരെ വലുതാണ്. എത്രമാത്രം അഫ്ഗാന്‍ ജനത താലിബാന്‍ ഭരണത്തെ ഭയക്കുന്നു എന്നതിന് ഉദാഹരണമാണിത്. വിമാനത്തില്‍ നിന്നും വീണു മരിച്ചാലും വേണ്ടില്ല താലിബാന്റെ കയ്യില്‍ അകപ്പെടരുതെന്ന വികാരമാണ് ഇത്തരമൊരു അപകടത്തില്‍ കലാശിച്ചിരിക്കുന്നത്. പ്രാകൃത ശിക്ഷാരീതി മാത്രമല്ല സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം കൂടിയാണ് അഫ്ഗാന്‍ ജനതക്ക് നഷ്ടമായിരിക്കുന്നത്. സ്ത്രീകളെ പിടിച്ചു കൊണ്ടുപോയി വിവാഹം കഴിക്കുന്നതും താലിബാന്‍ ഭീകരരുടെ രീതിയാണ്. തൊഴിലിടങ്ങളിലും കാമ്പസുകളില്‍ പോലും സ്ത്രീകള്‍ക്കു മുന്നില്‍ റെഡ് സിഗ്‌നലാണ് താലിബാന്‍ ഉയര്‍ത്തുന്നത്. നാല് ചുവരുകള്‍ക്കുള്ളില്‍ കരഞ്ഞ് തീര്‍ക്കാന്‍ അഫ്ഗാനിലെ പുതിയ തലമുറ തയ്യാറായില്ലങ്കില്‍ അതും ഏറ്റുമുട്ടലിലാണ് കലാശിക്കുക.

യാതൊരു രാഷ്ട്രീയബോധവുമില്ലാതെയാണ് അമേരിക്ക കഴിഞ്ഞ 2 ദശകങ്ങളായി അഫ്ഗാനിസ്ഥാനില്‍ ഇടപെട്ടിരിക്കുന്നത്. അതിന് അനുഭവിക്കാന്‍ പോകുന്നത് അഫ്ഗാന്‍ ജനത മാത്രമല്ല ലോക ജനത കൂടിയാണ്. ലോകത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായാണ് അഫ്ഗാനിസ്ഥാന്‍ മാറാന്‍ പോകുന്നത്. കൂടുതല്‍ രാജ്യങ്ങളിലേക്കാണ് താലിബാന്‍ അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ പോകുന്നത്. ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക. നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരേ സമയം രണ്ടു ശത്രുക്കളെയല്ല മൂന്നു ശത്രുക്കളെയാണ് ഇനി ഇന്ത്യക്ക് നേരിടേണ്ടി വരിക.

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഐ എസ് അല്‍ഖായിദ തീവ്രവാദികളാണ് ഇതില്‍ ഏറിയ പങ്കുമുള്ളത്. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസ്സില്‍ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്നത് അമ്പരപ്പിക്കുന്നതാണ്. ഇതു സംബന്ധമായി ഇന്ത്യന്‍ ഇന്റലിജന്‍സിനും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കാബൂളിലെ ബദാം ബാഗ് പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചിരിക്കുന്നത്. അതേ സമയം കാബൂള്‍ പിടിക്കാന്‍ പോയ താലിബാന്‍ സംഘത്തില്‍ മലയാളികള്‍ ഉണ്ടായിരുന്നതായ സംശയവും വ്യാപകമാണ്. ഇതിനെ സാധൂകരിക്കുന്ന വീഡിയോയിലെ ശബ്ദവും പുറത്തു വന്നു കഴിഞ്ഞു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് ഇതിനെ നോക്കി കാണുന്നത്.

കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കപ്പെടുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളും താലിബാന്‍ മോചിപ്പിച്ചവരിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു കഴിഞ്ഞു. 21 പേരാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ പോയിരിക്കുന്നത്. ഇവര്‍ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയും ഏറെയാണ്. ഇതു തടയാന്‍ കനത്ത ജാഗ്രതയാണ് അതിര്‍ത്തികളിലും തുറമുഖങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തിലായ സാഹചര്യത്തില്‍ ജമ്മു കശ്മീരിനെ നോട്ടമിട്ട് അശാന്തി സൃഷ്ടിക്കാനാണ് പാക്കിസ്ഥാനും ഇനി ശ്രമിക്കുക.

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിക്കാന്‍ ചെയ്തു കൊടുത്ത സഹായത്തിന് ഇതാണ് താലിബാനില്‍ നിന്നും പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്ന പ്രത്യുപകാരം. ഇന്ത്യയെ സംബന്ധിച്ച് അതീവ ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ട കാലഘട്ടമാണിത്. പൗരന്‍മാരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പഴയ താലിബാനല്ല പുതിയ താലിബാന്‍ എന്ന് വാദിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നത്.

താലിബാനെ അനുകൂലിക്കുന്ന കൈകള്‍ നാളെ രാജ്യത്തിനു നേരെയാണ് തിരിയുക എന്ന ഉത്തമ ബോധ്യം ജനങ്ങള്‍ക്കും ഉണ്ടാകണം. സൈനികമായും ഇന്ത്യ കൂടുതല്‍ കരുത്താര്‍ജജിക്കേണ്ടതുണ്ട്. അമേരിക്കയെ പോലുള്ള വഞ്ചകരെ വിശ്വസിക്കാതെ റഷ്യയും ഇറാനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതല്‍ ശക്തമായ സഹകരണമാണ് രാജ്യം തുടരേണ്ടത്. അതു തന്നെയാണ് പുതിയ കാലഘട്ടവും ആവശ്യപ്പെടുന്നത്.

 

Top