ടെഹ്റാന്‍: സിറിയയില്‍ പോരാട്ടം നടത്താന്‍ അഫ്ഗാന്‍ അഭയാര്‍ഥി ബാലന്മാരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന ആരോപണത്തെ തള്ളി ഇറാന്‍.
സിറിയയിലേക്ക് അഫ്ഗാന്‍ കുട്ടികളെ അയച്ചിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങളെ പാലിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ആരോപണം നിഷേധിച്ച് അഫ്ഗാനിലെ ഇറാനിയന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സിറിയയില്‍ പോരാട്ടം നടത്താന്‍ ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍ അഫ്ഗാന്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് യുഎസ് ആസ്ഥാനമാക്കിയ മനുഷ്യാവകാശ സംഘടന ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വളരെയധികം അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയിട്ടുള്ള രാജ്യമാണ് ഇറാന്‍. അഫ്ഗാന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നും ഇറാനിയന്‍ എംബസി പറഞ്ഞു.
സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ തുണയ്ക്കുന്ന രാജ്യമാണ് ഇറാന്‍. അസദ് ഭരണകൂടത്തെ എതിര്‍ക്കുന്ന വിമത സേനകള്‍ക്കെതിരെ പോരാട്ടം നടത്താന്‍ ഇറാന്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.