അഷ്‌റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റര്‍പോളിനോട് താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി

കാബൂള്‍: അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റര്‍പോളിനോട് താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി. ഗനിയെ കൂടാതെ അഫ്ഗാനിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മൊഹിബ്, ഗനിയുടെ ഉപദേഷ്ടാവായിരുന്ന ഫസെല്‍ മഹ്മൂദ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുണ്ട്.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മോഷ്ടിച്ചു എന്ന ആരോപണമാണ് ഇവര്‍ക്കെതിരെ എംബസി ഉയര്‍ത്തുന്നത്. ഗനി അടക്കമുള്ളവര്‍ മോഷ്ടിച്ച തുക രാജ്യാന്തര ട്രൈബ്യൂണലിനെ ഏല്‍പ്പിക്കണം. ജനങ്ങളുടെ പണം തിരികെ ലഭിക്കാനുള്ള വഴി ഉണ്ടാക്കണമെന്നും എംബസി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാബൂളില്‍ താലിബാന്‍ എത്തിയതോടെ അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. താജിക്കിസ്താന്‍ അഭയം നല്‍കാത്തതിനെ തുടര്‍ന്ന് ഒമാനിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഗനിക്ക് യുഎഇ അഭയം നല്‍കിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. നാല് കാറുകളില്‍ എത്തിച്ച പണവുമായാണ് ഹെലികോപ്റ്ററില്‍ അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്ന് റഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

Top