താലിബാനെ ഭയന്ന് നൂറിലധികം അഫ്ഗാന്‍ കലാകാരന്മാര്‍ പോര്‍ച്ചുഗലിലേക്ക്

ദോഹ: അഫ്ഗാനിസ്ഥാന്‍ ദേശീയ സംഗീത വിദ്യാലയത്തിലെ നൂറിലധികം യുവ കലാകാരന്മാരും, അധ്യാപകരും, അവരുടെ ബന്ധുക്കളും ഞായറാഴ്ച രാജ്യം വിട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച ഈ സ്ഥാപനത്തെ താലിബാന്‍ ‘നോട്ടമിട്ടിരുന്നു’.

ഒരു മാസത്തിലേറെയായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവര്‍ കാബൂളില്‍ നിന്ന് ഒരു വിമാനത്തില്‍ കയറി ദോഹയില്‍ എത്തിയതായി തലവന്‍ അഹ്‌മദ് നാസര്‍ സര്‍മാസ്റ്റ് പറഞ്ഞു. വരും ദിവസങ്ങളില്‍ സംഘം പോര്‍ച്ചുഗലില്‍ എത്തും. അവിടെ അവര്‍ക്ക് വിസ നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. നേരത്തെ അഫ്ഗാന്‍ വനിതാ സോക്കര്‍ ടീം ഇറ്റലിയിലേക്കും പോര്‍ച്ചുഗലിലേക്കും താമസം മാറ്റിയിരുന്നു.

മതപരമല്ലാത്ത സംഗീതമൊന്നും വേണ്ടെന്നാകും താലിബാന്റെ നിലപാട് എന്നാണ് സൂചന. ഒന്നാം താലിബാന്‍ സംഗീതം അപ്പാടെ നിരോധിച്ചിരുന്നു. കലാകാരന്മാര്‍ ആക്രമിക്കപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലും പുറത്ത് വന്നിരുന്നുു. കൂടുതല്‍ പേരെ രക്ഷപ്പെടുത്തുമെന്ന് 2010 ല്‍ തുടങ്ങിയ സ്ഥാപനത്തിന്റെ നേതൃത്വം അറിയിച്ചു.

Top