ന്യൂഡല്‍ഹി: അഫ്ഗാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. കഴിഞ്ഞ ദിവസം മലയാളികള്‍ ഉള്‍പ്പടെ 392 പേരെ മൂന്ന് വിമാനങ്ങളിലായി ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
ഇന്ന് കാബൂളില്‍ നിന്ന് ഖത്തറില്‍ എത്തിച്ച 146 പേരുമായി വിമാനം ഡല്‍ഹിയിലേക്ക് ഉടന്‍ തിരിക്കും. ഇനി അഞ്ഞൂറിലധികം പേര്‍ കൂടി അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
ആതേസമയം, പാഞ്ച് ഷിര്‍ പ്രവിശ്യയെ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് താലിബാന്‍. ആയിരക്കണക്കിന് താലിബാന്‍ അനുയായികള്‍ പാഞ്ച് ഷിര്‍ വളഞ്ഞെന്നും ഉടന്‍ ആക്രമണം ഉണ്ടാകുമെന്നും താലിബാന്‍ വക്താവ് അറിയിച്ചിട്ടുണ്ട്. അഫ്ഘാനിസ്ഥാനിലെ 33 പ്രവിശ്യകള്‍ താലിബാന് കീഴടങ്ങിയിട്ടും അതിന് തയ്യാറാവാതെ ചെറുത്തു നില്‍ക്കുന്ന പ്രവിശ്യയാണ് പാഞ്ച് ഷിര്‍.
അഷ്‌റഫ് ഗനി സര്‍ക്കാരില്‍ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹ് അടക്കമുള്ള താലിബാന്‍ വിരുദ്ധ നേതാക്കള്‍ ഇപ്പോള്‍ പാഞ്ച് ഷിര്‍ പ്രവിശ്യയിലാണുള്ളത്. ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ താലിബാന് കനത്ത തിരിച്ചടി നല്‍കുമെന്ന് വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.