കാബൂള്‍ : അഫ്ഗാന്‍ സൈനിക താവളം ആക്രമിച്ച് 17 പേരെ കൊന്നൊടുക്കിയതിനു പിന്നാലെ അപൂര്‍വ്വ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി താലിബാന്‍. ഈദിനോടനുബന്ധിച്ചു മൂന്നു ദിവസം വെടിനിര്‍ത്തലെന്നാണു താലിബാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകര സംഘടനയുടെ ചരിത്രത്തില്‍ അപൂര്‍വമാണ് ഇത്തരത്തിലൊരു വെടി നിര്‍ത്തല്‍.
അതേസമയം അഫ്ഗാന്‍ സൈന്യത്തിനെതിരെ മാത്രമാണു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും വിദേശ സൈന്യത്തിനെതിരെയുള്ള ആക്രമണം തുടരുമെന്നും താലിബാന്‍ വ്യക്തമാക്കി. ജൂണ്‍ 12 മുതല്‍ 19 വരെ താലിബാനെതിരെ അഫ്ഗാന്‍ സൈന്യവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടം തുടരുമെന്നും പ്രസിഡന്റ് അഷ്‌റഫ് ഘാനി ട്വീറ്റ് ചെയ്തു.
ഔദ്യോഗിക പ്രതികരണമുണ്ടായില്ലെങ്കിലും ഇത്തരത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് സര്‍ക്കാരിനെയും അമ്പരപ്പിച്ചിട്ടുണ്ട്. സാധാരണ ഈദ് ആഘോഷത്തിനിടയിലും താലിബാന്റെ ഭീകരാക്രമണം പതിവാണ്. താലിബാന്റെ നീക്കം സമാധാനത്തിലേക്കുള്ള സാധ്യതകളാണു തുറക്കുന്നതെന്ന് പാക്കിസ്ഥാനിലെ അഫ്ഗാന്‍ അംബാസഡര്‍ ഒമര്‍ സാഖില്‍വാള്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ താലിബാന്‍ അംഗങ്ങള്‍ ഈദിനോടനുബന്ധിച്ചുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ആക്രമണ സാധ്യതയുള്ളതിനാലാണിത്.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ഹേരാത് പ്രവിശ്യയിലെ സൈനിക താവളം താലിബാന്‍ ആക്രമിച്ചത്. സംഭവത്തില്‍ 17 പട്ടാളക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. താലിബാന്റെ ഭാഗത്തും ആള്‍നാശമുണ്ടായിട്ടുണ്ട്.