കാബൂൾ ഭീകരാക്രമണം ; താലിബാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ട്രംപ്

Trump

വാഷിംഗ്ടൺ:അഫ്ഗാനിസ്ഥാൻ കാബൂളിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ താലിബാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോക രാജ്യങ്ങളോടാണ് ട്രംപ് ഈ കാര്യം ആവശ്യപ്പെട്ടത്. താലിബാൻ പോലുള്ള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെയും നടപടിയെടുക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കാബൂളിൽ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 95 പേർ കൊല്ലപ്പെടുകയും,58 പേർക്കു പരുക്കേൽക്കുകയും ചെയ്തു. അടുത്ത കാലങ്ങളിലുണ്ടായ ഏറ്റവും ശക്തമായ സ്ഫോടനമാണു കാബൂളിലുണ്ടായത്.

ഒരാഴ്ചയ്ക്കിടയിൽ അഫ്ഗാൻ തലസ്ഥാനം നേരിടുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഒരാഴ്ച മുന്‍പ് കാബൂളിലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിനു പിന്നിലും താലിബാന്‍ ആയിരുന്നു.

അമേരിക്കൻ പൗരന്മാരെയോ സഖ്യകക്ഷികളെയോ ലക്ഷ്യമിടുന്ന ഭീകരരെ തുരത്തി അഫ്ഗാനിസ്ഥാനെ സുരക്ഷിതമാക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ ഒരിക്കലും ഭീകരരുടെ സുരക്ഷിത താവളമായി മാറില്ലെന്ന് ഉറപ്പുവരുത്തുമെന്ന്, സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെയും ട്രംപ് വ്യക്തമാക്കിയിരുന്നു.

Top