കാബൂള്‍: അഫ്ഗാനിസ്താന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍ നജീബ് തറകായ് വിടപറഞ്ഞു. ഒക്ടോബര്‍ രണ്ടിന് നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നജീബ് നന്‍ഗന്‍ഹറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മരണം സ്ഥിരീകരിച്ചത്.
നജീബ് അവസാനമായി കളിച്ചത് അഫ്ഗാനിസ്താനിലെ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷപഗീസ പ്രീമിയര്‍ ലീഗിലാണ്. കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ മിസ് അയ്‌നക് നൈറ്റ്‌സിനായി കളത്തിലിറങ്ങിയ താരം 32 റണ്‍സ് നേടി. അഫ്ഗാനിസ്താനായി 12 ട്വന്റി-20യും ഒരു ഏകദിനവും കളിച്ചിട്ടുണ്ട്. 2014-ല്‍ ബംഗ്ലാദേശില്‍ നടന്ന ട്വന്റി-20 ലോകകപ്പിലായിരുന്നു നജീബിന്റെ അരങ്ങേറ്റം.
അതിനുശേഷം യു.എ.ഇ, അയര്‍ലന്റ്, സിംബാബ്വെ, ബംഗ്ലാദേശ്, ഹോങ്കോങ് ടീമുകള്‍ക്കെതിരേ കളിച്ചു. 2017 മാര്‍ച്ചില്‍ അയര്‍ലന്റിനെതിരേ ട്വന്റി-20യില്‍ നേടിയ 90 റണ്‍സാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവുയര്‍ന്ന സ്‌കോര്‍. 2019 സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരേയാണ് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 2017-ല്‍ അയര്‍ലന്റിനെതിരേ കരിയറിലെ ഏക ഏകദിന മത്സരവും കളിച്ചു.
24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 47.20 ശരാശരിയില്‍ 2030 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ആറു സെഞ്ചുറിയും പത്ത് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. കരിയറിലെ ഏറ്റവുമയര്‍ന്ന സ്‌കോറായ 200 റണ്‍സും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് നേടിയത്.