കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താരം നൂര്‍ അലി സദ്രാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പതിനഞ്ച് വര്‍ഷക്കാലത്തെ ക്രിക്കറ്റ് കരിയറിനാണ് താരം തിരശീലയിടുന്നത്. 2009ല്‍ സ്‌കോട്‌ലാന്‍ഡിനെതിരെയായിരുന്നു നൂര്‍ അലിയുടെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ 28 പന്തില്‍ 45 റണ്‍സെടുത്തു.
അഫ്ഗാനായി 51 ഏകദിനങ്ങളില്‍ നിന്ന് 1216 റണ്‍സ് താരം നേടിയിട്ടുണ്ട്. 22 ട്വന്റി 20യില്‍ നിന്ന് 586 റണ്‍സും രണ്ട് ടെസ്റ്റില്‍ നിന്ന് 117 റണ്‍സും നൂര്‍ അലി അടിച്ചെടുത്തു. കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരെയാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്.
2010ല്‍ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നൂര്‍ അലി അര്‍ദ്ധ സെഞ്ച്വറി നേടിയിട്ടുണ്ട്. അഫ്ഗാന്‍ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നാണിത്.