കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. അഫ്ഗാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പൊലീസുകാരന് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. കമ്മീഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കിടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമിയെ നേരത്തെ തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കീഴടക്കാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ ഇയാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥിയെ അയോഗ്യനാക്കിയ നടപടിക്കെതിരെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിനു സമീപം പ്രതിഷേധം നടത്തിയത്. അക്രമിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.