ദില്ലി: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 69 റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 49.5 ഓവറില്‍ 284ന് എല്ലാവരും പുറത്തായി. റ്ഹമാനുള്ള ഗുര്‍ബാസ് (57 പന്തില്‍ 80), ഇക്രം അലിഖില്‍ (66 പന്തില്‍ 58 എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ തിളങ്ങിയത്. ആദില്‍ റഷീദ് മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മുബീജ് ഉര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന. രണ്ടാം ഓവറില്‍ തന്നെ അവര്‍ക്ക് ജോണി ബെയര്‍സ്‌റ്റോയുടെ (2) വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. ഫസല്‍ഹഖ് ഫാറൂഖിക്കായിരുന്നു വിക്കറ്റ്. എട്ട് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ജോ റൂട്ടും (11) മടങ്ങി. മൂജീബിന്റെ പന്തില്‍ ബൗള്‍ഡ്. ഡേവിഡ് മലാന്‍ (32), ജോസ് ബട്‌ലര്‍ (9), ലിയാം ലിവിംഗ്‌സ്റ്റണ്‍ (10), സാം കറന്‍ (10), ക്രിസ് വോക്‌സ് (9) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ ഹാരി ബ്രൂക്ക് നേടിയ 66 റണ്‍സാണ് ഇംഗ്ലണ്ടിന് നേട്ടമായത്. 61 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഏഴ് ഫോറും നേടി. ആദില്‍ റഷീദിന്റെ ഇന്നിംഗ്‌സ് (13 പന്തില്‍ 20) തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. മാര്‍ക്ക് വുഡാണ് (18) പുറത്തായ മറ്റൊരു താരം. റീസെ ടോപ്ലി (15) പുറത്താവാതെ നിന്നു.
ടോസിലെ നിര്‍ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ അഫ്ഗാന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗുര്‍ബാസ് തകര്‍ത്തടിക്കുകയും ഇബ്രാഹിം സര്‍ദ്രാന്‍ പിടിച്ചു നില്‍ക്കുകയും ചെയ്തതോടെ അഫ്ഗാന്‍ അതിവേഗം കുതിച്ചു. ആറാം ഓവറില്‍ 50 പിന്നിട്ട അഫ്ഗാന്‍ 14-ാം ഓവറില്‍ 100 കടന്നു. ഒടുവില്‍ സര്‍ദ്രാനെ(28) വീഴ്ത്തിയ ആദില്‍ റഷീദാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയത് 33 പന്തില്‍ അര്‍ധസെഞ്ചുറി തികത്ത ഗുര്‍ബാസ് പിന്നീടും ആക്രമണം തുടര്‍ന്നു.
റഹ്‌മത്ത് ഷാ(3) വന്നപോലെ മടങ്ങിയെങ്കിലും ഗുര്‍ബാസിന്റെ ബാറ്റിംഗ് വെടിക്കെട്ടില്‍ 18 ഓവറില്‍ അഫ്ഗാന്‍ 150 കടന്നു. എന്നാല്‍ സെഞ്ചുറിയിലേക്ക് കുതിച്ച ഗുര്‍ബാസ്(57 പന്തില്‍80) റണ്ണൗട്ടായതോടെ അഫ്ഗാന്‍ തകര്‍ച്ചയിലായി. നല്ല തുടക്കം കിട്ടിയിട്ടും ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും(14) അസ്മത്തുള്ള ഒമര്‍സായിയും(19) നിലയുറപ്പിക്കാതെ മടങ്ങി. മുഹമ്മദ് നബിയും(9) പൊരുതാതെ വീണെങ്കിലും അലിഖിലും(66 പന്തില്‍ 58) റാഷിദ് ഖാനും(22 പന്തില്‍ 23), മുജീബ് ഉര്‍ റഹ്‌മാനും(16 പന്തില്‍ 28 ചേര്‍ന്ന് അഫ്ഗാനെ 284 റണ്‍സിലെത്തിച്ചു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.