കാലാവസ്ഥാ വ്യതിയാനം; ആഫ്രിക്കയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു

കാലാവസ്ഥാ വ്യതിയാനം വളരെ പെട്ടെന്ന് തകര്‍ത്തു കളയുന്ന ഇടങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ആഫ്രിക്കയുടെ സഹേലില്‍ ആഗോള ശരാശരിയേക്കാള്‍ 1.5 മടങ്ങ് വേഗത്തിലായിരിക്കും അന്തരീക്ഷ താപനില വര്‍ദ്ധിക്കുക. 2050 ആകുമ്പോഴേയ്ക്കും ഇവിടെ താപനില 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണ് കണക്കു കൂട്ടല്‍. വരള്‍ച്ചയും വെള്ളപ്പൊക്കവും ഭക്ഷ്യോല്‍പ്പാദനത്തെ വലിയ അളവില്‍ ബാധിക്കുന്നു.

24 മില്യണ്‍ ആളുകളാണ് ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഭക്ഷണമില്ലാതെ ദുരിതമനുഭവിച്ചത്. 80 ശതമാനം കൃഷിയിടങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലം ഇവിടെ ഇല്ലാതായിക്കഴിഞ്ഞു. 50 മില്യണ്‍ ആളുകളാണ് ഇവിടെ കന്നുകാലി സമ്പത്തിനെ ആശ്രയിച്ച് കഴിയുന്നത്.

ഇപ്പോള്‍ മേച്ചില്‍പ്പുറങ്ങളെല്ലാം ഇവിടെ ഇല്ലാതായിക്കഴിഞ്ഞു. ഭക്ഷണമില്ലാതെ അലയുന്ന കന്നുകാലികള്‍ കര്‍ഷകരുടെ വിളനിലങ്ങളില്‍ കയറുന്നത് വലിയ വഴക്കുകള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതിജീവനത്തിനായുള്ള പോരാട്ടങ്ങള്‍ തീവ്രവാദ സംഘങ്ങളെ സൃഷ്ടിക്കുന്ന കാഴ്ചയാണ് സഹേലിലെ മറ്റൊരു പ്രധാന വിഷയം.

കഴിഞ്ഞ വര്‍ഷം ബൊക്കോ ഹറാം തീവ്രവാദികള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളേക്കാള്‍ ആറ് മടങ്ങ് കൂടുതലായിരുന്നു നൈജീരിയയില്‍ കന്നുകാലി കര്‍ഷകര്‍ നടത്തിയ സംഘര്‍ഷങ്ങള്‍. 30,000 ത്തോളം ആളുകള്‍ക്കാണ് വീടുപേക്ഷിച്ച് മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുള്ളത്. നൈജീരിയ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഇതേ കാലയളവില്‍ തന്നെയാണ്. 2018ലെ കണക്കു പരിശോധിച്ചാല്‍ 2016നേക്കാള്‍ അഞ്ചിരട്ടി മരണങ്ങളാണ് സൈനിക നടപടികളുടെ ഭാഗമായി മാലി ദ്വീപില്‍ ഉണ്ടായിട്ടുള്ളത്.

ലോകമാകെ ഒരേ രീതിയിലല്ല കാലാവസ്ഥാ വ്യതിയാനം നാശം വിതച്ചുകൊണ്ടിരിക്കുന്നത്. ഒരിടത്ത് കനത്ത ചൂടാണെങ്കില്‍ മറ്റൊരു ഭാഗത്ത് കനത്ത മഴയാണ്. പ്രകൃതി ക്ഷോഭങ്ങളുടെ ശക്തിയും പലവിധമാണ്. ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് കേരളത്തിലും കണ്ടത്. ഏതുവിധം കാലാവസ്ഥാ വ്യതിയാനമാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ ഗൗരവമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.

പുതിയ രോഗങ്ങള്‍ ഉണ്ടാകുന്നതിനും മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കാനും കാലാവസ്ഥ വ്യതിയാനം കാരണമാകുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പെട്ടെന്ന് ബാധിക്കുന്നത് പ്രായമേറിയവരെയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള യൂറോപ്പില്‍ 42 ശതമാനം വൃദ്ധരും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ഏഷ്യയില്‍ ഇത് 34 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളും കാലാവസ്ഥാ മാറ്റത്തിന്റെ ഇരകളാണ്. യൂറോപ്പാണ് ഇക്കാര്യത്തിലും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.

1950തിനേക്കാള്‍ ഡങ്കി വൈറസിന് എട്ട് ശതമാനത്തോളം കരുത്ത് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ രംഗത്തെ നിഗമനം. സിക, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകള്‍ വ്യാപകമായി പെരുകുന്നതും കാലാവസ്ഥാ മാറ്റങ്ങളുടെ പ്രതിഫലനമാണ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡങ്കി പടര്‍ന്നുപിടിച്ചത് 2016ല്‍ ആയിരുന്നു എന്നതും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

അന്തരീക്ഷത്തില്‍ അല്പം ചൂട് കൂടുന്നത് മാത്രമാണ് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്നത് എന്ന് ചിന്തിച്ചാല്‍ തെറ്റി. ആഗോള സാമ്പത്തിക, സാമൂഹ്യ, സാംസ്‌ക്കാരികാ മണ്ഡലങ്ങളെയും നിലനില്‍പ്പിനെയും അത് ഇല്ലാതാക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ അവഗണിക്കുന്നത് സ്വന്തം കുഴി തോണ്ടുന്നതിന് തുല്യമാണ്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top