വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

വയനാട്: സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളുകളുടെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം.

മാനന്തവാടിയിലെ ഒരു ഫാമിൽ പന്നികൾ ചത്തിരുന്നു. ഇതോടെയാണ് പരിശോധന നടത്തിയത്. ആഫ്രിക്കൻ പന്നിപ്പനി എന്നറിഞ്ഞതോടെ ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും.

പന്നികളെ ബാധിക്കുന്ന മാരക വൈറസ് രോഗമായ ആഫ്രിക്കൻ പന്നിപ്പനി രാജ്യത്ത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിരോധ നടപടികൾ മൃഗസംരക്ഷണ വകുപ്പ് ശക്തമാക്കി. മാരകവും അതിസാംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ വാക്സീനോ ചികിത്സയോ ഇല്ലാത്ത വൈറസ് രോഗമാണ്.

രോഗനിയന്ത്രണ സംവിധാനവും പ്രതിരോധ കുത്തിവയ്പും ഇല്ലാത്തതിനാൽ രോഗം കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊല്ലുകയാണ് രോഗ നിയന്ത്രണത്തിനുള്ള ഏക മാർഗം. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Top