africannationscup football cameroon

ലിബ്രെവില്ലെ : ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ എതിരാളികളായ ഈജിപ്തിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കാമറൂണ്‍ തോല്‍പിച്ചു.കാമറൂണ്‍ അഞ്ചാം തവണയാണ് ആഫ്രിക്കന്‍ നേഷന്‍സ് ചാമ്പ്യന്മാരാകുന്നത്.

ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് കാമറൂണ്‍ യുവനിര മല്‍സരത്തിലേയ്ക്ക് ശക്തമായി തിരിച്ചുവന്നതും കിരീടം സ്വന്തമാക്കിയതും. 22 -ാം മിനുട്ടില്‍ ആഴ്‌സണല്‍ താരം മുഹമ്മദ് എല്‍നേനിയിലൂടെ ഈജിപ്ത് മുന്നിലെത്തി. ഗോള്‍പോസ്റ്റിന്റെ ഇടതുമൂലയില്‍ നിന്നും എല്‍നേനി എടുത്ത കിക്ക് ഗോളിയെ നിഷ്പ്രഭനാക്കി ഗോള്‍വലയില്‍ വിശ്രമിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച കാമറൂണിനെ 59 -ാം മിനുട്ടില്‍ നിക്കോളാസ് എന്‍കൊലുവാണ് ഒപ്പമെത്തിച്ചത്. കോര്‍ണറിനരികെ നിന്നും മൊകാഞ്ചോ ബോക്‌സിലേയ്ക്ക് നല്‍കിയ ക്രോസ്സില്‍ എന്‍കൊലുവിന്റെ ഹെഡ്ഡര്‍ ഈജിപ്തിന്റെ നാല്‍പ്പത്തിനാലുകാരനായ ഗോള്‍കീപ്പര്‍ എസ്സം എല്‍ ഹദാരിയെ നിഷ്പ്രഭനാക്കി വലയിലെത്തുകയായിരുന്നു.

തുടര്‍ന്ന് ആധിപത്യം നേടാനായി ഇരുപക്ഷവും ആക്രമിച്ചു കളിക്കുന്നതിനിടെ, 88 -ാം മിനുട്ടില്‍ പകരക്കാരന്‍ വിന്‍സെന്റ് അബുബക്കറുടെ തകര്‍പ്പന്‍ ഗോളിലൂടെ കാമറൂണ്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാമറൂണ്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരാകുന്നത്. 2002 ലാണ് മുമ്പ് കാമറൂണ്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരാകുന്നത്. 1986 ലെയും 2008 ലെയും ഫൈനലുകളില്‍ ഈജിപ്തിനോടേറ്റ തോല്‍വികളുടെ മധുരപ്രതികാരം കൂടിയാണ് കാമറൂണിന്റെ വിജയം.

Top