AFSPA: Another Manipuri woman to sit on Irom Sharmila-like indefinite fast

ഇംഫാല്‍ : ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് മണിപ്പൂരില്‍നിന്നുള്ള 32 കാരിയായ വീട്ടമ്മ.

സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ മരണംവരെ നിരാഹാര സമരം നടത്തുമെന്നാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ആറംബാം റോബിത ലെയ്മ അറിയിച്ചിരിക്കുന്നത്.

ഇന്നു മുതലാണ് റോബിതയുടെ നിരാഹാരസമരം തുടങ്ങുന്നത്. ഇറോം ശര്‍മിളയോടു തനിക്ക് ആദരവുണ്ടെന്നും അവര്‍ക്കു പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ദൗത്യവുമായി താന്‍ മുന്നോട്ടുപോകുമെന്നും റോബിത പറഞ്ഞു.

അതിനിടെ, നിരാഹാര സമരം നടത്താനുള്ള റോബിതയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി വനിതാ സംഘടനകളുടെ നേതാക്കള്‍ രംഗത്തെത്തി.

എന്നാല്‍ തന്റെ തീരുമാനത്തില്‍നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണു റോബിത.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൗരാവകാശ സമരങ്ങളുടെ പ്രതീകമായ ഇറോം ചാനു ഷര്‍മിളയുടെ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്.

2000 നവംബര്‍ അഞ്ചിന്, 28ാം വയസ്സിലാണ് ഇറോം നിരാഹാരസമരം ആരംഭിക്കുന്നത്. ഇംഫാല്‍ വിമാനത്താവളത്തിനു സമീപം 10 പേര്‍ അസം റൈഫിള്‍സുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

ഇതു വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് ആരോപിച്ചാണു സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ ഇറോം മരണം വരെ നിരാഹാരം ആരംഭിച്ചത്.

Top