നാഗ്പൂര്‍: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ (ആര്‍മ്ഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) യെ എതിര്‍ക്കുന്നവര്‍ ദേശദ്രോഹികളാണെന്ന് ആര്‍എസ്എസ്.
അടിയന്തിര ഘട്ടങ്ങളെ നേരിടുന്നതിന് കേന്ദ്രം സംസ്ഥാന പൊലീസിനെ പ്രാപ്തരാക്കണമെന്നും അതുവരെ അഫ്‌സ്പ നിലനിര്‍ത്തണമെന്നും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. മുഖപത്രമായ ഓര്‍ഗനൈസറിലൂടെയാണ് ആര്‍എസ്എസ് തങ്ങളുടെ മുന്‍നിലപാട് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.
കനയ്യയെ പോലുള്ളരാണ് അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ ദേശവിരുദ്ധമായ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നവരെ വിമര്‍ശിച്ച് മുഖപത്രം പറയുന്നു. രാജ്യദ്രേഹികളെ പാര്‍ലമെന്റിലും പ്രതിരോധിക്കാന്‍ ഇത്തരക്കാര്‍ തയ്യാറാണ്. അവര്‍ക്ക് വേണ്ടി കോടതികളില്‍ പോരാടുകയും അത്തരം തീവ്രവാദികള്‍ക്ക് അനുകൂലമായി അഭിപ്രായങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നെന്ന് മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് സൈനിക നിയമമായ അഫ്‌സ്പ നിലനില്‍ക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ കഴിഞ്ഞ ദിവസം ആദ്യ ബിജെപി മന്ത്രിസഭ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ആര്‍എസ്എസിന്റെ അഭിപ്രായം വന്നിരിക്കുന്നത്.
തീവ്രവാദ ഭീഷണി നേരിടുന്ന ജമ്മു കശ്മീര്‍, നാഗാലന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അഫ്‌സ്പ നിലവിലുള്ളത്. ജമ്മു കാശ്മീരില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ഭാഗമായ പിഡിപി ആവശ്യപ്പെടുമ്പോള്‍ സഖ്യകക്ഷിയായ ബിജെപി നിയമത്തെ അനുകൂലിക്കുകയാണ്.