ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനെ 11 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി.
ഗുണ്ടൂരിലെ വിനുകോണ്ടമണ്ടൽ ഉമാദിവരത്താണ് സംഭവം. രണ്ടു വയസുകാരൻ ചന്ദ്രശേഖരനാണ് കുഴൽക്കിണറിൽ വീണത്.
ദേശീയ ദുരന്തനിവാരണ സേനയും, പൊലീസും, അഗ്നിശമന സേനയും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിക്കാനായത്.
വീടിനു സമീപത്തെ കാലിത്തൊഴുത്തിനടുത്ത് കളിക്കുകയായിരുന്ന കുട്ടി 15 അടി താഴ്ചയിലുള്ള കുഴൽ കിണറിൽ വീഴുകയായിരുന്നു.
കുട്ടിയുടെ കരച്ചില് കേട്ട അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയും, ശേഷം കിണറിലൂടെ കുഴല്‍ ഉപയോഗിച്ച് കുട്ടിക്ക് ജീവശ്വാസം നല്‍കുകയും ചെയ്തു.
പിന്നീട് കുഴൽക്കിണറിന് സമീപത്തായി മണ്ണുമാന്തി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്തു കുട്ടിയെ പുറത്തെടുത്തു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും മറ്റുമായി ജില്ലാ കളക്ടര്‍ കോന ശശിധര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.
മാത്രമല്ല, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി എന്‍ രാജപ്പ, ആരോഗ്യമന്ത്രി കമിനേനി ശ്രീനിവാസ് എന്നിവരുടെ അടിയന്തിരമായ ഇടപെടലുകളും സുരക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിച്ചു.
കൂടാതെ, സംഭവസ്ഥലത്ത് മെഡിക്കല്‍ സംഘവും എത്തിയിരുന്നു.