9 വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു; സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്‌

ന്യൂഡല്‍ഹി:ഒമ്പത്‌ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. കരസേനക്ക് 1.86 ലക്ഷം ജാക്കറ്റുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം ഒരു നിര്‍മാണകമ്പനിയുമായി കരാറൊപ്പിട്ടു.

639 കോടി ചെലവില്‍ എസ് എം പി പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജാക്കറ്റുകള്‍ നിര്‍മിക്കുക. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍മാണം. മൂന്ന് വര്‍ഷത്തിനകം ജാക്കറ്റുകള്‍ വിതരണം ചെയ്യും.

ബാലിസ്റ്റിക് സംരക്ഷണത്തിനുള്ള ബോറോണ്‍ കാര്‍ബൈഡ് സെറാമിക് ജാക്കറ്റിലുണ്ടാകും. ഒപ്പം ഹാര്‍ഡ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളില്‍ നിന്നടക്കം സംരക്ഷണം നല്‍കാന്‍ ഈ ജാക്കറ്റുകള്‍ക്ക് കഴിയും.

2009ല്‍ സൈന്യത്തിന്റെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സൈന്യം നടത്തിയ പരീക്ഷണങ്ങളില്‍ ഒരു നിര്‍മാണകമ്പനിക്കും വിജയിക്കാനാകാത്തതിനാല്‍ ഇത് നീണ്ടുപോകുകയായിരുന്നു. പിന്നീട് 2016ല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ താത്ക്കാലികമായി വാങ്ങിയിരുന്നു.

Top