ദേശാടനപക്ഷികളുടെ പറുദീസയായി കടലുണ്ടി; ഒന്നരപതിറ്റാണ്ടിനു ശേഷം വി.ഐ.പിയായി പറന്നിറങ്ങി പൈഡ് ആവോസെറ്റ്

കടലുണ്ടി: ദേശാടനപക്ഷികളുടെ പറുദീസയായി കടലുണ്ടിയിലേക്ക് ഒന്നര പതിറ്റാണ്ടിനു ശേഷം വി.ഐ.പിയായി പൈഡ് ആവോസെറ്റ് പറന്നിറങ്ങി. യൂറോപ്പിലെ മിത ശീതോഷ്ണ മേഖലകളില്‍ കാണുന്ന വെളുപ്പും കറുപ്പും കലര്‍ന്ന പൈഡ് ആവോസെറ്റിനെ 1986ല്‍ കേരളത്തില്‍ ആദ്യമായി കാണുന്നത് കടലുണ്ടിയിലാണ്. ഒന്നര പതിറ്റാണ്ട് മുമ്പ് 2008ലാണ് അവസാനമായി എത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശാന്തരങ്ങള്‍ കടന്ന് വിരുന്നെത്തിയ അതിഥിയെ പക്ഷിനിരീക്ഷകനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ വിജേഷ് വള്ളിക്കുന്നാണ് കാമറയില്‍ പകര്‍ത്തിയത്.

ഉപ്പുവെള്ളം കലര്‍ന്ന ആഴംകുറഞ്ഞ ജലാശയങ്ങളിലെ മണല്‍തിട്ടകളിലെ ചെളികളിലാണ് ഇവ ഇര തേടാറ്. ചെറു പ്രാണികളെയും തൊണ്ടുള്ള ജീവികളെയുമാണ് ഭക്ഷിക്കാറ്. കടലുണ്ടിപ്പുഴ കടലിലേക്ക് ചേരുന്ന അഴിമുഖത്തും പുഴയിലെ മണല്‍തിട്ടകളിലും ഇവര്‍ക്കാവശ്യമായ ഭക്ഷണം സുലഭമാണ്. നീണ്ട് മുകളിലേക്ക് വളഞ്ഞ കൊക്കുകളും നീല കാലുകളുമുള്ള വെള്ളയും കറുപ്പും കലര്‍ന്ന നിറത്തിലുള്ള ഇവയെ പെട്ടെന്ന് തിരിച്ചറിയാനാവും. ശൈത്യകാലത്തു നിന്നും രക്ഷതേടി മഞ്ഞുറഞ്ഞ സൈബീരിയ, റഷ്യ, യൂറോപ്പ്, കസാക്കിസ്ഥാന്‍, മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കടലുണ്ടിയിലേക്ക് പക്ഷികളെത്തുന്നത്. കടലുണ്ടിപ്പുഴ കടലിലേക്ക് ചേരുന്ന അഴിമുഖത്തും വേലിയിറക്ക സമയത്ത് പുഴയില്‍ രൂപപ്പെടുന്ന മണല്‍തിട്ടകളിലെ ചെളികളിലും കണ്ടല്‍ക്കാടുകളിലും ഇവര്‍ക്കാവശ്യമായ ഭക്ഷണം സുലഭമാണ്. ചെറു ചെമ്മീന്‍, ഞെണ്ട്, ഒച്ച്, വിരകള്‍ എന്നിവയും കാലാവസ്ഥയുമാണ് ദേശാടനപക്ഷികളെ കടലുണ്ടിയിലേക്ക് ആകര്‍ഷിക്കുന്നത്.

അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള ചാരമണല്‍ക്കോഴി, അലാസ്‌ക്കയില്‍ നിന്നുള്ള സ്വര്‍ണ മണല്‍ക്കോഴി, റഷ്യ, യൂറോപ്പ് , സൈബീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള സൂചി ചുണ്ടന്‍ കടല്‍കാക്കകള്‍, ചെറിയ കടല്‍കാക്ക, ചാരത്തലയന്‍ കടല്‍കാക്ക, ഹഗ്ലിന്‍ കടല്‍കാക്ക എന്നിവയും ചെറുമണല്‍ക്കോഴി, പച്ചക്കാലി, ഗ്രേ ഫ്ളോവര്‍, വാള്‍കൊക്കന്‍, റെഡ് നോട്ട് തുടങ്ങിയ പക്ഷികളും ഇത്തവണ വിരുന്നുകാരായി എത്തിയിട്ടുണ്ട്. സാധാരണ സെപ്തംബര്‍ മാസത്തില്‍ എത്താറുള്ള വിരുന്നുകാര്‍ ഇത്തവണ വൈകിയാണ് എത്തിയത്. ഏപ്രിലിലില്‍ ചൂട് കൂടുന്നതോടെ ഇവ കടലും മലകളും ദേശങ്ങളും താണ്ടി തിരികെപ്പോകും. ദേശാടനപക്ഷികളെയും കണ്ടല്‍ക്കാടുകളെയും സംരക്ഷിക്കാന്‍ 1998ല്‍ വള്ളിക്കുന്നുകാരനായ ഇ. പ്രദീപ്കുമാര്‍ കോഴിക്കോട് ഡി.എഫ്.ഒ ആയിരിക്കെ മുന്നോട്ടുവെച്ച കമ്യൂണിറ്റി റിസര്‍വ് എന്ന ആശയമാണ് ദേശാടനപക്ഷികളുടെ സംരക്ഷണത്തിന് വലിയ ചുവടുവെപ്പായത്.

2007ല്‍ രാജ്യത്തെ ആദ്യത്തെ കമ്യൂണിറ്റി റിസര്‍വായി കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് നിലവില്‍വന്നതോടെ ദേശാടനപക്ഷി വേട്ട അടക്കമുള്ളവ നിലച്ചതും നേട്ടമായി. കാലാവസ്ഥാ വ്യതിയാനം വഴി ചൂടു കൂടുന്നതും പക്ഷി സങ്കേതത്തില്‍ മത്സ്യ ബന്ധനബോട്ടുകള്‍ നിര്‍ത്തിയിടുന്നതും ഇവയിലെ ഇന്ധനം പുഴയില്‍ പരക്കുന്നതുമെല്ലാം ദേശാടനപക്ഷികളുടെ ഇരതേടലിനെ ബാധിക്കുന്നുണ്ട്. പടം- ഒന്നര പതിറ്റാണ്ടിനു ശേഷം കടലുണ്ടിയിലെത്തിയ പൈഡ് ആവോസെറ്റ് പക്ഷിനിരീക്ഷനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ വിജേഷ് വള്ളിക്കുന്ന് പകര്‍ത്തിയ ഫോട്ടോ.

Top