നാല് മണിക്കൂര്‍ നീണ്ട ആചാരാനുഷ്ടാനത്തിന് ശേഷം അയോധ്യ രാമക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹം സ്ഥാപിച്ചു

അയോധ്യ: നാല് മണിക്കൂര്‍ നീണ്ട ആചാരാനുഷ്ടാനത്തിന് ശേഷം അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹം സ്ഥാപിച്ചു. വ്യാഴാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസ്സുള്ള രാമന്റെ വിഗ്രഹമാണ് സ്ഥാപിച്ചത്. കറുത്ത കല്ലുകൊണ്ടാണ് വിഗ്രഹം നിര്‍മിച്ചത്. പ്രാണ്‍ പ്രതിഷ്ഠക്ക് മുന്നോടിയായിട്ടാണ് വിഗ്രഹം സ്ഥാപിച്ചത്. രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി ബിംലേന്ദ്ര മോഹന്‍ പ്രതാപ് മിശ്രയുടെ മേല്‍നോട്ടത്തിലാണ് വിഗ്രഹം തെരഞ്ഞെടുത്തത്.

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 22ന് ഉച്ചയ്ക്ക് 12.20നാണ് വിഗ്രഹ പ്രതിഷ്ഠ നടക്കുകയെന്നും അധികൃതര്‍ അറിയിച്ചു. 120 മുതല്‍ 200 കിലോ വരെയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ തൂക്കമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗമാകും. വാരാണസിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Top