കോഴിക്കോട്: ഒന്നര വര്‍ഷത്തിന് ശേഷം ബൂട്ടുകെട്ടാന്‍ ഒരുങ്ങി മലയാളി ഫുട്ബോള്‍ താരം അനസ് എടത്തൊടിക. ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരളയിലൂടെയാണ് അനസിന്റെ തിരിച്ചുവരവ്. 2021-22ല്‍ ഐഎസ്എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്സിക്ക് വേണ്ടിയാണ് അനസ് ഒടുവില്‍ കളിച്ചത്. എന്നാല്‍ നാല് മത്സരങ്ങളില്‍ നിന്നായി 33 മിനിറ്റ് മാത്രമാണ് താരം കളത്തിലിറങ്ങിയത്. 2019ല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം വിരമിച്ചിരുന്നു.
കാണാൻ കൊതിച്ച തിരിച്ചു വരവ് 💥💪#GKFC #malabarians #ILeague️ pic.twitter.com/lKnhtw99BN
— Gokulam Kerala FC (@GokulamKeralaFC) October 15, 2023
അനസിന്റെ സാന്നിധ്യം ക്ലബിന് മുതല്‍കൂട്ടാകുമെന്ന് അധികൃതര്‍ പ്രതികരിച്ചു. ഇന്ത്യന്‍ ഫുട്ബോളില്‍ അനസിന്റെ അനുഭവ സമ്പത്ത് ഏറെ വലുതാണ്. ഗോകുലം കേരളയിലെ പ്രതിരോധ ലൈനിലെ അനസിന്റെ സാന്നിധ്യം എതിരാളികള്‍ക്ക് ഭീഷണിയാകുമെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കി.
കാണാന്‍ കൊതിച്ച തിരിച്ചുവരവെന്നാണ് ഗോകുലം എഫ്സി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. 2021-22ല്‍ ഐഎസ്എല്ലില്‍ കളിക്കുന്നതിനിടെ പരിക്ക് അലട്ടിയതിനാല്‍ അനസ് കളത്തില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഈ സമയത്ത് കേരളാ പോലീസില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജോലി വാഗ്ദാനം ചെയ്തുള്ള ഉദ്യോഗസ്ഥ വഞ്ചനയെന്ന് താരം ആരോപിച്ചിരുന്നു.