ലണ്ടന്‍: ഏറെ ശ്രദ്ധ നേടിയ ഹോളിവുഡ് ചിത്രം ‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന സിനിമയിലെ അഭിനയത്തിന് വിമര്‍ശനങ്ങള്‍ നേരിട്ടതിനാല്‍ ഒളിച്ചുകഴിയേണ്ടിവന്നെന്ന് നായകന്‍ ജെയ്മി ഡോര്‍നന്റെ വെളിപ്പെടുത്തല്‍. ഭാര്യ അമേലിയ വാര്‍ണര്‍ക്കും മൂത്തകുട്ടിക്കുമൊപ്പമായിരുന്നു ഒളിവുജീവിതം. സിനിമയുടെ സംവിധായിക സാം ടെയ്‌ലര്‍ ജോണ്‍സണും ഭര്‍ത്താവ് ആരോണുമാണ് ഇതിനായി വീടു സംഘടിപ്പിച്ചുകൊടുത്തതെന്നും ലോറന്‍ ലവേണുമായുള്ള അഭിമുഖത്തില്‍ ഡോര്‍നന്‍ പറഞ്ഞു.
ഇ.എല്‍. ജെയിംസിന്റെ പ്രശസ്ത നോവലാണ് 2015-ല്‍ ജോണ്‍സണ്‍ അതേപേരില്‍ സിനിമയാക്കിയത്. അതിലെ നായകന്‍ ക്രിസ്റ്റ്യന്‍ ഗ്രേയായാണ് ഡോര്‍നന്‍ അഭിനയിച്ചത്. 2013-ല്‍ ‘ദ ഫോള്‍’ എന്ന ടി.വി. സീരിയലിലെ അഭിനയത്തിന് വന്‍ പ്രശംസയും ബാഫ്റ്റ നാമനിര്‍ദേശവും ലഭിച്ച നടനാണ് വടക്കന്‍ അയര്‍ലന്‍ഡുകാരനായ ഡോര്‍നന്‍. ‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ തിയേറ്ററില്‍ വന്‍ വിജയം നേടിയതോടെ, അതിന്റെ രണ്ടും മൂന്നും ഭാഗങ്ങളിറങ്ങി. ഡോര്‍നന്‍തന്നെയാണ് അവയില്‍ നായകനായത്. അയര്‍ലന്‍ഡിലെ മഹാനടന്‍മാരില്‍ ഒരാളായി 2020 ‘ഐറിഷ് ടൈംസ്’ ഡോര്‍നനെ തിരഞ്ഞെടുത്തിരുന്നു.