‘ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി’: നരേന്ദ്ര മോദി

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി. ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു.

”പത്ത് വര്‍ഷം മുമ്പ്, ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങള്‍ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ അവരെ വഞ്ചിച്ചു. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയില്‍ നിന്നുള്ള ഇന്ത്യയുടെ മഹത്തായ തിരിച്ചുവരവാണ് പിന്നീട് ജനം കണ്ടത്” അദ്ദേഹം എക്‌സില്‍ കുറിച്ചു.

”സത്യസന്ധവും ദൃഢനിശ്ചയവും ഇച്ഛാശക്തിയുമുള്ള ഒരു സര്‍ക്കാരിന് എത്രമാത്രം ചെയ്യാന്‍ കഴിയുമെന്ന് ഇന്ന് ഓരോ ഇന്ത്യക്കാരനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മുടെ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ആളുകള്‍ ഒരേ സ്വരത്തില്‍ പറയുന്നത്- അബ് കി ബാര്‍, 400 പാര്‍! എന്ന്” മോദി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി മോദി ഇത്തരം നേതൃത്വം ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും പറഞ്ഞു. ”നമ്മുടെ പ്രതിപക്ഷത്തിന് ഒരു നായകനില്ല. ഞങ്ങളെ അധിക്ഷേപിക്കാനും വോട്ട് ബാങ്ക് രാഷ്ട്രീയം ചെയ്യാനും മാത്രമേ അവര്‍ക്കറിയൂ. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള അവരുടെ രാജവംശ സമീപനവും ഗൂഢാലോചനയും പൊതുസമൂഹം തള്ളിക്കളഞ്ഞു. കൂടാതെ അഴിമതിയുടെ ട്രാക്ക് റെക്കോര്‍ഡ് കാരണം അവര്‍ക്ക് ആളുകളെ മുന്നില്‍ വന്നുനില്‍ക്കാന്‍ കഴിയില്ല. ഇത്തരക്കാരെ പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല” മോദി പറഞ്ഞു.

”നമ്മുടെ മൂന്നാം ടേമില്‍ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം ടേമില്‍ ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരായ പോരാട്ടം വേഗത്തിലാകും. സാമൂഹിക നീതിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ഇനിയും തുടരും. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കും. യുവാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങള്‍ സര്‍വ്വ കരുത്തും ഉപയോഗിച്ച് ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും”- മോദി കൂട്ടിച്ചേര്‍ത്തു.

Top