after bsf crpf troopers army jawan complains of harassment by seniors

ന്യൂഡല്‍ഹി: ജോലിക്കിടയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്ന വീഡിയോയുമായി ആര്‍മി ജവാന്‍ രംഗത്ത്.

ഡെറാഡൂണിലെ 42 ഇന്‍ഫെന്‍ട്രി ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞ പ്രാതാപ് സിങ് ആണ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്‌. നേരത്തെ സമാനമായ വീഡിയോകളുമായി ബി.എസ്.എഫ്, സി.ആര്‍.പി.എഫ് ജവാന്‍മാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് സൈന്യത്തിനെ ഞെട്ടിച്ച വീഡിയോ പുറത്തുവന്നത്.

വ്യാഴാഴ്ചയാണ് ഇയാളുടെ വീഡിയോ പുറത്ത് വന്നത്. ജവാന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെ തന്നെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് യജ്ഞ പ്രാതാപ് സിങ് വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇദ്ദേഹം തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പ്രധാനമന്ത്രി, രാഷ്ട്രപതി, പ്രതിരോധ മന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കത്തയച്ചത്. ഇതിന് പിന്നാലെ ഇയാളുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രധാനമനന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ബ്രിഗേഡ് ആസ്ഥാനത്ത് ലഭിച്ചു.

എന്നാല്‍ ഇതിന് ശേഷം തനിക്കെതിരെ അകാരണമായി അന്വേഷണം നടത്തുകയും മാനസികമായി പീഡിപ്പിക്കുകയുമാണെന്നാണ് യജ്ഞ പ്രാതാപ് സിങ് പറയുന്നത്. തന്നെ സൈനിക വിചാരണയ്ക്ക് വിധേയനാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ എന്താണ് താന്‍ ചെയ്ത തെറ്റെന്ന് അദ്ദേഹം ചോദിക്കുന്നു.

Top