മലയാള സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2023 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് യുഎസ്സില്‍ പൂര്‍ത്തിയായത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വമ്പന്‍ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.
സിനിമയുടെ അടുത്ത ഷെഡ്യൂള്‍ നടക്കുന്നത് ചെന്നൈയിലാണ്. അതിന് ശേഷമുള്ള ഷെഡ്യൂള്‍ കേരളത്തിലായിരിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലുമായിട്ടായിരിക്കും കേരളത്തിലെ ചിത്രീകരണം. സിനിമയുടെ ഏറ്റവും വലിയ ഷെഡ്യൂളായിരിക്കുമിതെന്നും മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഉള്‍പ്പടെയുള്ള രംഗങ്ങള്‍ ഇവിടെയായിരിക്കും ചിത്രീകരിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറിലേത് പോലെ ആരാധകരെ ത്രസിപ്പിക്കും വിധം മാസ് ഫോര്‍മാറ്റിലായിരിക്കും ഇന്‍ട്രോ സീന്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മോഹന്‍ലാലിന്റെ ലൈന്‍ അപ്പുകളില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളില്‍ ഒന്നാണ് ‘എമ്പുരാന്‍’. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.