ന്യൂഡല്‍ഹി: ദോക്‌ലാമില്‍ നിലനിന്നിരുന്ന പ്രതിസന്ധികള്‍ അവസാനിച്ചതിന് പിന്നാലെ ചൈന അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ വ്യോമപരിധി കൂടുതല്‍ വികസിപ്പിക്കാന്‍ പദ്ധതിയിട്ട് ഇന്ത്യ.
അയല്‍ സംസ്ഥാനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ പുതിയ പദ്ധതി പ്രകാരം സാധിക്കും.
ലഡാക്കിലെ കാലാവസ്ഥ വ്യതിയാന ബുദ്ധിമുട്ടുകളില്‍ വര്‍ഷങ്ങളോളം സൈന്യത്തെ അവിടെ വിന്യസിക്കുന്നത് എളുപ്പമല്ല, അതിനാലാണ് വ്യോമപരിധി കൂടുതല്‍ വികസിപ്പിക്കാന്‍ ഇന്ത്യ തയ്യാറാവുന്നതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
വ്യോമസേന വിമാനങ്ങള്‍ നിര്‍ത്തിയിടാനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനും സാധിക്കുന്ന വിധത്തിലുള്ള വ്യോമപരിധി നിരീക്ഷിക്കുകയാണെന്നും വൃത്തങ്ങള്‍ പറയുന്നു.
ദോക്‌ലാമില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന സമയത്ത് ഇരു രാജ്യങ്ങളും ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഏകദേശം 9,000 സൈനികരെ വിന്യസിച്ചിരുന്നു.
ശക്തമായ മഞ്ഞ് വീഴ്ചയുടെ ഉണ്ടാകുന്നതിനാല്‍ കരഗതാഗതം തടസപ്പെടും. സൈന്യത്തിന് ഇത്തരത്തില്‍ ഒരു സാഹചര്യത്തില്‍ അവിടെ നില്‍ക്കാന്‍ കഴിയില്ല. അതിനാല്‍ വ്യോമ സേനയുടെ വിമാനങ്ങളെ ആശ്രയിക്കുകയാണ് സേന.
ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൈനീസ് യൂണിറ്റുകള്‍ ഈ മേഖലകളില്‍ നിന്നും പിന്‍വാങ്ങുകയാണ്.
ഇന്ത്യന്‍ വ്യോമയാന സേനയുടെ മുടങ്ങി കിടന്ന ന്യോമ എയര്‍ഫീല്‍ഡ് പദ്ധതി പുനരുജ്ജീവിപ്പിക്കുകയാണ് പുതിയ വ്യോമപരിധി പദ്ധതിയിലൂടെ സാധ്യമാകുന്നത്.