ദ്രൗപതി മുർമു കഴിഞ്ഞാൽ രാജ്യത്തെ ചർച്ചാവിഷയം നഞ്ചിയമ്മയെന്ന് സുരേഷ് ഗോപി

യ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ നഞ്ചിയമ്മയെ വീഡിയോ കോളിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ഇന്ന് രാജ്യത്തെ ജനങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് നമ്മുടെ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെക്കുറിച്ചാണ്. അതുകഴിഞ്ഞാൽ രണ്ടാം സ്ഥാനം നഞ്ചിയമ്മയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ദേശീയ അവാർഡ് ലഭിച്ച അതിനുശേഷം തന്നെ സിനിമാ മേഖലയിൽ നിന്നും ആദ്യമായാണ് ഒരാൾ വീഡിയോ കോൾ വിളിക്കുന്നതെന്നും നഞ്ചിയമ്മ പ്രതികരിച്ചു.

തൻ്റെ വീട്ടിൽ വന്നു താമസിക്കുവാനും സുരേഷ് ഗോപി നഞ്ചിയമ്മയെ ക്ഷണിച്ചു. നഞ്ചിയമ്മയെ ഉടൻ കാണാൻ വരുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. നഞ്ചിയമ്മയോട് പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് സംസാരിക്കുവാനും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇവിടെ ബിഎസ്എൻഎൽ ആണെന്നും മൊബൈൽ റേഞ്ചിന് കുറച്ചു പ്രശ്നമുണ്ടെന്നും നഞ്ചിയമ്മ സുരേഷ് ഗോപിയോട് പറഞ്ഞു. ഇക്കാര്യം ബിഎസ്എൻഎൽനെ അറിയിക്കാമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി.

ആദിവാസി വിഭാഗത്തിൽ നിന്നും രാജ്യത്തിൻ്റെ നെറുകയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനു പിന്നാലെയാണ് ആദിവാസി കലാകാരിയായ നഞ്ചിയമ്മയുടെ അവാർഡ് നേട്ടവും രാജ്യത്ത് ചർച്ചയാകുന്നത്. ദ്രൗപതി മുർമുവിൽ നിന്നും നഞ്ചിയമ്മയ്ക്ക് പുരസ്കാരം സ്വീകരിക്കുവാൻ കഴിയുമോ എന്നുള്ളതാണ് ഇനി അറിയുവാനുള്ളതും.

Top