കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് ജനതാദളില്‍ കനത്ത നടപടി തുടങ്ങി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ രാജിവയ്പ്പിച്ചു. നിര്‍ബന്ധപൂര്‍വം രാജിക്കത്ത് എഴുതിവാങ്ങുകയായിരുന്നു. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മനയത്ത് ചന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സി.കെ.നാണുവിനോട് 9,511 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ജനതാദളി(യു)നെ തോല്‍പിച്ചത് കോണ്‍ഗ്രസാണെന്ന് ആരോപണം. ജെഡിയു സംസ്ഥാന ഭാരവാഹിയോഗത്തില്‍ ജെഡി(യു) നേതാവായ ഷേഖ് പി.ഹാരിസാണ് വിമര്‍ശനവുമായി രംഗത്തുവന്നത്.
അമ്പലപ്പുഴയില്‍ ഡിസിസി പ്രസിഡന്റ് കാലുവാരിയെന്ന് ജെഡി(യു) സ്ഥാനാര്‍ഥിയായിരുന്ന ഷേഖ് പി.ഹാരിസ് ആരോപിച്ചു. പല മണ്ഡലങ്ങളിലും
ജെഡിയുവിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസാണ്. വടകരയില്‍ ലീഗും കോണ്‍ഗ്രസും ആര്‍എംപിക്ക് വോട്ടുമറിച്ചെന്നും ഷേഖ് പി. ഹാരിസ് പറഞ്ഞു. അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷേഖ് പി. ഹാരിസ് സിപിഎമ്മിന്റെ ജി. സുധാകരനോട് 22,621 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
തിരഞ്ഞെടുപ്പില്‍ ജെഡിയു മല്‍സരിച്ചിരുന്ന ഏഴു സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ എം.പി.വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ്‌കുമാര്‍ അടക്കമുള്ള നേതാക്കളാണ് കനത്ത തോല്‍വി നേരിട്ടത്.