After Huge Dalit Rally In Una, Caste Tension Seethes, 19 Injured

ഗുജറാത്ത്: ഉനയില്‍ നടന്ന ദളിത് മഹാറാലിക്ക് ശേഷം മടങ്ങിയവരെ സവര്‍ണ്ണ വിഭാഗക്കാര്‍ മര്‍ദ്ദിച്ചു എന്ന് പരാതി. പൊലീസിന്റെ ഭാഗത്ത് നിന്ന് വേണ്ട സഹായം ലഭിച്ചില്ല എന്നും ദളിതര്‍ പരാതിപ്പെട്ടു.

അക്രമത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗോ സംരക്ഷണ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ റാലി സംഘടിപ്പിച്ചത്.

ദളിത് പീഡനം വ്യാപകമാകുന്നതില്‍ പ്രതിഷേധിച്ച് ഉനയില്‍ നടത്തിയ മഹാറാലിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സവര്‍ണ്ണ വിഭാഗക്കാര്‍ സംഘടിതമായി ആക്രമണം അഴിച്ചു വിട്ടു എന്നും ദളിതര്‍ ആരോപിക്കുന്നു.
അക്രമവുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. അഹമ്മദാബാദ് മുതല്‍ ഉന വരെയാണ് വിവിധ ദളിത് സംഘടനകള്‍ ചേര്‍ന്ന് മഹാറാലി സംഘടിപ്പിച്ചത്.

ഉനയില്‍ ഗോഹത്യ നടത്തി എന്ന് ആരോപിച്ച് നാലു ദളിതരെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ ദളിത് പ്രക്ഷോഭം ശക്തിപ്പെട്ടത്. ചത്ത പശുക്കളുടെ തോലെടുക്കുന്ന കുലത്തൊഴില്‍ ഇനി ചെയ്യില്ല എന്ന് പ്രഖ്യാപിച്ചാണ് ഇന്നലത്തെ റാലി സമാപിച്ചത്.

ഈ മാസം നാലിന് അഹമ്മദാബാദില്‍ നിന്ന് ആരംഭിച്ച ദലിത് അസ്മിത (അഭിമാന) യാത്രയുടെ സമാപനമായിരുന്നു ഉനയില്‍ നടന്നത്. പത്തുദിവസം കൊണ്ട് 350 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ഉനയില്‍ എത്തിയത്

Top