ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിച്ചതിന് ശേഷം തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ ഉപഭോഗം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍. പ്രതിദിനം ഡീസല്‍ ചെലവ് 30 ലക്ഷം കുറയ്ക്കാനുള്ള നടപടി കെഎസ്ആര്‍ടിസി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. രാത്രി കാലങ്ങളില്‍ ഉള്‍പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ രാത്രി ആളില്ലാതെ തിരിച്ചുവരുന്നത് ഒഴിവാക്കാന്‍ സ്റ്റേ സര്‍വീസായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഇലക്ട്രിക് ബസിനെ സംബന്ധിച്ചുള്ള അഭിപ്രായം വിവാദമായതിന് ശേഷം ഞാന്‍ ഇനി കണക്ക് പറയുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.ഇല്ക്ട്രിക് ബസ് സംബന്ധിച്ച് മന്ത്രിയും സര്‍ക്കാറും ഭിന്നാഭിപ്രായം നിലനില്‍ക്കെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍മന്ത്രി ആന്റണി രാജുവിന്റെ ഇലക്ട്രിക് ബസ് പരീക്ഷണം പരാജയമാണെന്ന് ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിക്കെതിരെ മുന്നണിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു.എന്നാല്‍, ഇലക്ട്രിക് ബസ് ഡീസല്‍ ചെലവ് കുറച്ചെന്ന് മന്ത്രി സഭയില്‍ സമ്മതിച്ചു.
ബസ് ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം തദ്ദേശ സ്ഥാപനങ്ങളോ റസിഡന്റ്‌സ് അസോസിയേഷനുകളോ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഡീസല്‍ ബസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചോ, ഇ-ബസുകള്‍ ലാഭത്തിലാണോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായി ഉത്തരം നല്‍കിയതുമില്ല.