കൊച്ചി: പിണറായി വിജയന്റെ കണക്കുകള്‍ തെറ്റിച്ച് സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ പീഡന പരമ്പര.
നിമയവിദ്യാര്‍ത്ഥിനി ജിഷയുടെ ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയ്ക്ക് പിന്നാലെ 7 സ്ത്രീ പീഡനങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീകള്‍ക്ക് നേരം നടന്ന ഒടുവിലത്തെ സംഭവമാണ് ജിഷയുടേതെന്ന് ചൂണ്ടിക്കാട്ടി പിണറായി ഫേസ്ബുക്കിലിട്ട കണക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഈ കണക്കകൂട്ടലുകള്‍ തെറ്റിച്ചാണ് ഇന്നലെ രാത്രിയില്‍ വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ 19കാരി ബലാത്സംഗം ചെയ്യപ്പെട്ടത്. ഈ കേസില്‍ അഞ്ച് പേരാണ് പ്രതികള്‍. മൂന്നുപേര്‍ ഇതിനകം തന്നെ പൊലീസ് പിടിയിലായിട്ടുണ്ട്.
ഇതിന് പിന്നാലെ കൊല്ലത്തും, തിരുവനന്തപുരം ആര്യന്‍കോട്, അടൂര്‍,കാഞ്ഞങ്ങാട് തുടങ്ങിയ ഇടങ്ങളിലും സ്ത്രീകള്‍ക്ക് നേരെ പീഡനം ഉണ്ടായി. ഇതില്‍ കാഞ്ഞങ്ങാട് 7 വയസുകാരിയെ പീഡിപ്പിച്ചത് 60കാരനാണ്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
അടൂരില്‍ 13കാരിക്കു നേരെയായിരുന്നു അതിക്രമം. പൂജപ്പുര നിര്‍ഭയ കേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയേയും ആത്മഹത്യ ചെയ്ത നിലയില്‍ ബുധനാഴ്ച കണ്ടെത്തി. ഈ പെണ്‍കുട്ടിക്ക് നേരെ പാലക്കാട് വച്ച് പീഡനം നടന്നുവെന്ന് വ്യക്തമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഏറ്റവും ഒടുവിലായി ചിറയിന്‍കീഴില്‍ 68 വയസുകാരിയായ വയോധികയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവവുമാണ് പുറത്തായിരിക്കുന്നത്. അഞ്ച്‌തെങ്ങ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിണറായി പുറത്ത് വിട്ട കണക്ക്പ്രകാരം 5982 സ്ത്രീകളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടിരുന്നത്. മാനഹാനി ഭയന്ന് പുറത്ത് പറയാതെ പീഡനം ഏറ്റുവാങ്ങുന്നവര്‍ ഇതിലും കൂടുമെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
ഈ കണക്കുകള്‍ കേരളം ചര്‍ച്ച ചെയ്യുന്നതിനിടക്കാണ് അപ്രതീക്ഷിതമായി കൂടുതല്‍ പീഡന പരമ്പരകള്‍ പുറത്തായത്. ഇത് ആഭ്യന്തരവകുപ്പിനും കനത്ത പ്രഹരമാണ്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പുറത്തിറങ്ങി നടക്കാന്‍ മാത്രമല്ല സ്വന്തം വീട്ടില്‍ പോലും മന:സമാധാനത്തോടെ ജീവിക്കാന്‍ പറ്റില്ലെന്ന സ്ഥിതിയാണ് പൊതുസമൂഹത്തിനിടയില്‍ ഈ പീഡന പരമ്പര ഉണ്ടാക്കിയിട്ടുള്ളത്.
ക്രമസമാധാന രംഗത്ത് മാതൃകാ സംസ്ഥാനമായി അറിയപ്പെടുന്ന കേരളത്തിന്റെ ഈ ‘മൃഗീയ മുഖം’ ദേശീയ ദേശീയ-അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായത് മലയാളികളെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ്.
കാമഭ്രാന്ത് പിടിച്ച ഏതാനും ചിലരുടെ ചെയ്തികള്‍ക്ക് ലോകത്തിന്റെ മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട ഗതികേടിലാണ് കേരളം.
പീഡനക്കേസുകളിലെ ശിക്ഷകള്‍ കാലോചിതമായി മാറ്റം വരുത്തണമെന്നും സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം തന്നെ പൊതുജന പങ്കാളിത്വത്തോടെ നടപ്പാക്കണമെന്നുമുള്ള ആവശ്യവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.
നിര്‍ഭയ ഫണ്ട് ഏറ്റവുമധികം ഉപയോഗിച്ച് സ്ത്രീ സുരക്ഷ ഏര്‍പ്പെടുത്തിയെന്ന് മേനി നടിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖം കൂടിയാണ് ഇപ്പോഴത്തെ സംഭവങ്ങളിലൂടെ വികൃതമായിരിക്കുന്നത്.