ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് റിഹാന

ലോസ് അഞ്ചിലസ്: ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം നേടിയ ഗോള്‍ഡന്‍ ഗ്ലോബ് ആയിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയെ ഉണര്‍ത്തിയ വാര്‍ത്ത. ശരിക്കും റിഹാന, ടെയ്ലര്‍ ഷിഫ്റ്റ്, ലേഡി ഗാഗ എന്നീ ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഈ നേട്ടം കൈവരിച്ചത്. ആദ്യമായാണ് പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മ്മാണത്തില്‍ ഇറങ്ങിയ ചിത്രത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിക്കുന്നത്. എആര്‍ റഹ്മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ഇന്ത്യന്‍ സംഗീത സംവിധായകനാണ് എംഎം കീരവാണി.

നാട്ടു നാട്ടു സോംഗിനൊപ്പം ഗോള്‍ഡന്‍ ഗ്ലോബ് ഫൈനല്‍ നോമിനേഷനില്‍ എത്തിയത് നിസാര ഗാനങ്ങള്‍ അല്ലായിരുന്നു എന്നതാണ് ഈ നേട്ടത്തിന്‍റെ മധുരം ഇരട്ടിപ്പിക്കുന്നത്. ചന്ദ്രബോസാണ് നാട്ടു നാട്ടു വരികൾ എഴുതിയത്.പിനോച്ചിയോ എന്ന ആനിമേഷന്‍ ചിത്രത്തിലെ ടെയ്‌ലർ സ്വിഫ്റ്റിന്‍റെ കരോലിന. ടോപ്പ് ഗണ്‍ മാവറിക്ക് ചിത്രത്തില്‍ ലേഡി ഗാഗ ആലപിച്ച ഹോൾഡ് മൈ ഹാൻഡ്. വക്കണ്ട ഫോറെവറിലെ റിഹാന പാടിയ ലിഫ്റ്റ് മീ അപ് എന്നീ ഗാനങ്ങളാണ് നാട്ടു നാട്ടുവിനോട് മത്സരിച്ചത്.

ഇപ്പോള്‍ റിഹാന അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ആര്‍ആര്‍ആര്‍ ടീം ഇരിക്കുന്നതിനടുത്ത് കൂടി നടന്ന് പോകുന്ന രഹാന ഇന്ത്യന്‍ ചിത്രത്തിന്‍റെ അണിയറക്കാരെ അഭിവാദ്യം ചെയ്യുന്നുണ്ട്. ഇതിന് രാജമൌലി അടക്കം അണിയറക്കാന്‍ നന്ദിയും പറയുന്നുണ്ട്.

നേരത്തെ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ എല്ലാം തന്നെ ആര്‍ആര്‍ആര്‍ സിനിമയുടെ ഗോള്‍ഡന്‍ ഗ്ലോബ് നേട്ടത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. പ്രധാനമന്ത്രി അടക്കം രാഷ്ട്രീയ ഭരണരംഗത്തെ പ്രമുഖര്‍ കീരവാണിയെയും രാജമൌലിയെയും സംഘത്തെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

Top