യു.പി : മാഗി നൂഡില്‍സിന് പിന്നാലെ നെസ്ലെയുടെ പാസ്തയും കുഴപ്പത്തില്‍. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പാസ്തയില്‍ അനുവദനീയമായതിലും കൂടിയ അളവില്‍ ഈയത്തിന്റെ അംശം കണ്ടെത്തി.
മൗവിലെ നെസ്ലെ ഉത്പന്നവിതരണക്കാരായ സ്രിജി ട്രേഡേഴ്‌സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച പാസ്ത സാമ്പിളുകളാണ് ലഖ്‌നൗവിലെ നാഷണല്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ പരിശോധിച്ചത്. ഈ പരിശോധനയില്‍ സാമ്പിളില്‍ 6 പാര്‍ട്‌സ് പെര്‍ മില്യണ്‍ (പി.പി.എം.) ഈയമാണ് കണ്ടെത്തിയത്. 2.5 പി.പി.എമ്മാണ് അനുവദനീയമായ അളവ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നെസ്ലെ കമ്പനിയുടെ മോഡിനഗറിലെ വിലാസത്തിലയച്ച കത്ത് കൈപ്പറ്റാനാളില്ലാതെ തിരിച്ചെത്തിയെന്ന് മൗവിലെ ഫുഡ് ആന്‍ഡ് ഡ്രഗ് ഓഫീസര്‍ അരവിന്ദ് യാദവ് പറഞ്ഞു.
നെസ്ലെയുടെ മാഗി നൂഡില്‍സില്‍ ഈയത്തിന്റെയും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെയും അളവ് അനുവദനീയമായതിലും കൂടിയ അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂണില്‍ ഇത് രാജ്യവ്യാപകമായി നിരോധിക്കുകയുണ്ടായി. എന്നാല്‍, ഈ മാസം മുതല്‍ ഉത്പന്നം വിപണിയിലെത്തി. ഇതിനുപിന്നാെലയാണ് നെസ്ലെയുടെ മറ്റൊരുത്പന്നത്തിന് ഇതേ പ്രശ്‌നമുണ്ടെന്ന റിപ്പോര്‍ട്ട് വരുന്നത്.